boat

 വലയുന്നത് ഇരുചക്ര വാഹനയാത്രക്കാർ


കൊല്ലം: ജലഗതാഗത വകുപ്പിന്റെ സാമ്പ്രാണിക്കോടി- കാവനാട് ഫെറി ബോട്ട് സർവീസ് നിലച്ച് ഒരുമാസം പിന്നിട്ടിട്ടും പകരം സംവിധാനമില്ല. ഇരുചക്ര വാഹനങ്ങൾ കയറ്റാൻ കഴിയുന്ന സർവീസിനെ ആശ്രയിക്കുന്നവരാണ് ഇതുമൂലം വലയുന്നത്.

തൃക്കരുവയിലുള്ളവർ നീണ്ടകര, കാവനാട് ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്ക് കൂടുതലായും ആശ്രയിക്കുന്നത് ഈ ബോട്ടിനെയാണ്. സർവീസ് നിലച്ചത് പതിനഞ്ച് കിലോമീറ്റർ അധികയാത്രയാണ് യാത്രക്കാർക്ക് സമ്മാനിച്ചത്. ആറുവർഷം മുൻപ് റൂട്ടിൽ ജങ്കാർ സർവീസ് ആരംഭിച്ചെങ്കിലും ഒരുമാസം പോലും തികച്ചോടിയില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജങ്കാർ സർവീസ് കാരാറെടുത്തവരെ പിന്നീടാരും കണ്ടിട്ടുമില്ല.

സാമ്പ്രാണിക്കോടി- കുരീപ്പുഴ പാലം നിർമ്മാണത്തിന് ബഡ്‌ജറ്റിൽ ടോക്കൺ പ്രൊവിഷൻ അനുവദിച്ചിട്ടുണ്ട്. പാലം വരുന്നതുവരെയെങ്കിലും ജങ്കാർ സർവീസ് തുടരണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ മുഖവിലയ്‌ക്കെടുത്തിട്ടില്ല. യാത്രക്കാർക്ക് പിന്നീടുള്ള ഏകാശ്രയമായ ഫെറി ബോട്ട് സർവീസും ഇപ്പോൾ നിലച്ചമട്ടാണ്. പ്രതിദിനം പതിന്നാല് ട്രിപ്പുകളാണ് സാമ്പ്രാണിക്കോടിയിൽ നിന്ന് കാവനാട്ടേക്കുള്ളത്.

 പ്രതിസന്ധി അറ്റകുറ്റപ്പണി


കൊല്ലം സ്റ്റേഷനിലെ യാത്രാബോട്ടുകൾക്ക് അറ്റകുറ്റപ്പണികൾ നടത്തണമെങ്കിൽ ആലപ്പുഴയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പിന്നീട് യാത്രക്കാർ പ്രതിഷേധം ഉയർത്തുമ്പോൾ മാത്രമാണ് തിരികെ കൊണ്ടുവരുന്നത്. പകരം സംവിധാനം ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ല.

''
അറ്റകുറ്റപ്പണികൾക്ക് ആലപ്പുഴയിൽ കൊണ്ടുപോയ ഫെറി ബോട്ട് ഒരാഴ്ചയ്ക്കകം തിരികെയെത്തും. ഇരുചക്രവാഹനങ്ങൾ കയറ്റാൻ കഴിയില്ലെങ്കിലും ഇന്ന് മുതൽ മറ്റൊരു യാത്രാബോട്ട് ഒരുക്കിയിട്ടുണ്ട്.

അധികൃതർ