കൊല്ലം: പച്ചമത്സ്യം വാങ്ങാൻ ജില്ലയിൽ രണ്ട് ഫിഷ് മാർട്ടുകൾ കൂടി തുറക്കുന്നു. ഫിഷറീസ്, സഹകരണ വകുപ്പുകൾ, മത്സ്യഫെഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അറയ്ക്കൽ, പവിത്രേശ്വരം സഹകരണ ബാങ്കുകളാണ് ഫിഷ് മാർട്ടുകൾ തുടങ്ങുന്നത്.
എല്ലാ നിയോജക മണ്ഡലങ്ങളിലും കുറഞ്ഞത് ഒരു ആധുനിക മത്സ്യ വിപണന കേന്ദ്രം ആരംഭിക്കണമെന്നുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് പുതിയ ഫിഷ് മാർട്ടുകൾ. നിലവിൽ 46 ഫിഷ് മാർട്ടുകളും 33 സർവീസ് സഹകരണ ഫ്രാഞ്ചൈസി മാർട്ടുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. മത്സ്യം കൂടാതെ മൂല്യവർദ്ധിത ഉത്പന്നങ്ങളായ മത്സ്യം - ചെമ്മീൻ അച്ചാറുകൾ, ഫിഷ് കട്ലറ്റ്, വിവിധയിനം മത്സ്യ കറിക്കൂട്ടുകൾ, ഉണക്ക മത്സ്യം, ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തി, കൈറ്റോൺ ഗുളിക എന്നിവയും ഫിഷ് മാർട്ടുകളിൽ ലഭിക്കും.
നാളെ രാവിലെ 11ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ വീഡിയോ കോൺഫറൻസിലൂടെ ഫിഷ് മാർട്ടുകൾ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. മന്ത്രി കെ. രാജു, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, മാനേജിംഗ് ഡയറക്ടർ ലോറൻസ് ഹരോൾഡ് തുടങ്ങിയവർ പങ്കെടുക്കും.