ക്യു.എ.സി റോഡിൽ അപൂർവ കാഴ്ച
കൊല്ലം: ചെറുതായി പൂത്തും കായ്ച്ചുമിരുന്ന കൊല്ലം നഗരത്തിലെ നെല്ലി ഇക്കുറി ആവേശത്തോടെ പൂത്ത് ശിഖരങ്ങൾ നിറയെ കായ്‌കൾ നിറഞ്ഞു. 25 വർഷം മുൻപ് ക്യു.എ.സി റോഡിന്റെ വശങ്ങളിൽ മരം നട്ട കൂട്ടത്തിലാണ് നെല്ലിയും സ്ഥാനം പിടിച്ചത്.
അന്നത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും തങ്കപ്പൻ വക്കീലുമൊക്കെ വെള്ളമൊഴിച്ച് പരിപാലിച്ച മരങ്ങളിലൊന്നാണ് നെല്ലി. നെല്ലിക്ക് മാത്രം പ്രത്യേക പരിഗണനയും നൽകിയിരുന്നു. വളർന്നിറങ്ങിയ നെല്ലിയുടെ ഒരു ശിഖരം ഇലക്ട്രിക്കൽ പോസ്റ്റിന് മുകളിലേയ്ക്ക് വളർന്നു. വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തിയപ്പോൾ വക്കീൽ അവരെ പറഞ്ഞയച്ചു.
പിന്നീട് ഏറെ സമ്മർദ്ദം ചെലുത്തിയാണ് ഒരു കമ്പ് മുറിക്കാൻ അദ്ദേഹം സമ്മതിച്ചത്. ഇന്നിപ്പോൾ വളർന്ന് വലിയ മരമായ നെല്ലിയിൽ നിറയെ നെല്ലിക്ക കായ്ച്ചുകിടക്കുന്നത് കാണാൻ ഒട്ടേറെ പേർ എത്തുന്നുമുണ്ട്. താഴെ വീഴുന്ന നെല്ലിക്ക പെറുക്കിയെടുക്കാൻ കോളേജ് വിദ്യാർത്ഥികളും എത്താറുണ്ട്. നാടൻ നെല്ലിക്ക് നല്ല രുചിയും മണവുമാണ്.