ചാത്തന്നൂർ: ദേശീയപാതയിൽ കല്ലുവാതുക്കൽ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് ബസ് ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ തിരുവനന്തപുരം തിരുപ്പുറം ചെറിയപുല്ലിങ്ങൽ വീട്ടിൽ ഷൈജു (38), ബിൻസി (24,കാവനാട്), സ്നേഹ (19, കൊല്ലം), സാന്ദ്ര (19, കൊല്ലം) , തസ്നി (21, കൊല്ലം), സബ്ന (21, കരിക്കോട്), കവിത (25, ആശ്രാമം), താര (49, മടവൂർ), സജികുമാർ (48, വർക്കല), രഞ്ജിത്ത് (37, കാവനാട്), ടി.വികാസ് (43, നെടുമങ്ങാട്), വിഷ്ണുപ്രിയ (33, ചവറ), സൗമ്യ (30, പാരിപ്പള്ളി), സുമയ്യ (27,മീയ്യണ്ണൂർ), പ്രിൻസ് (18,നീണ്ടകര), ഷേർളി (40, കാവനാട്), മീനു (21, തിരുവനന്തപുരം), പ്രസാദ് (63, കൊല്ലം), ശ്രീജ (46, ചവറ), മെഴ്സി ജൂലൈറ്റ് (39, നീണ്ടകര), സുനിൽ കുമാർ (31, മൈനാഗപ്പള്ളി), യൂനുസ് കുഞ്ഞ് (69, മുഖത്തല) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെ 10.30 ഓടെ കല്ലുവാതുക്കൽ ജംഗ്ഷനിലെ സിഗ്നൽ ലൈറ്റിന് മുന്നിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടിപ്പർ നിറുത്തിയിടുന്നതിനുള്ള സിഗ്നൽ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തു. ഇതേസമയം പിന്നാലെയെത്തിയ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചുകയറി. ബസിന്റെ മുൻ വശം തകർന്നു. പാരിപ്പള്ളി പൊലീസും പരവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. റിക്കവറി വാഹനം വരുത്തിയാണ് ബസ് ദേശീയപാതയിൽ നിന്ന് മാറ്റിയത്.