kunnathoor
ശാസതാംകോട്ട തടാകതീരത്തെ തീപിടിത്തം

കുന്നത്തൂർ : ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് വൻ അഗ്നിബാധ. കോടതി, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗത്തോട് ചേർന്നാണ് തീ പിടിത്തമുണ്ടായത്. ഇന്നലെ പകൽ പന്ത്രണ്ടോടെടെയാണ് ആദ്യം തീപിടിച്ചത്. തുടർന്ന് ഫയർഫോഴ്സെത്തി തീ കെടുത്തി മടങ്ങിയ ശേഷം ഉച്ചകഴിഞ്ഞ് രണ്ടോടെ വീണ്ടും തീപിടിത്തമുണ്ടാവുകയും വ്യാപകമായി ആളിക്കത്തുകയുമായിരുന്നു. ഏകദേശം അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്തേക്ക് തീ പടർന്നു പിടിച്ചു. തടാക തീരത്തെ മൊട്ടക്കുന്നുകളിൽ ഉണങ്ങിക്കിടക്കുന്ന പുൽത്തകിടിയിൽ തീ പിടിച്ചതാണ് അപകടകാരണം. ശാസ്താംകോട്ട അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് 2 മണിക്കൂറോളം നടത്തിയ പ്രവർത്തന ഫലമായാണ് തീ നിയന്ത്രണ വിധേയമായത്. ഫയർ എഞ്ചിൻ എത്തിപ്പെടാത്ത സ്ഥലത്തേക്കും തീ വ്യാപിച്ചത് ആശങ്ക പടർത്തി.

പ്രതിഷേധം ഉയരുന്നു

ശാസ്താംകോട്ട തടാകത്തീരത്ത് തീപിടിത്തം തുടർക്കഥയായിട്ടും ഫലപ്രദമായി നിയന്ത്രിക്കാൻ നടപടികൾ ഇല്ലാത്തതിൽ പ്രതിഷേധം ഉയരുന്നു. വേനൽക്കാലത്ത് തടാകത്തീരത്ത് ഒന്നിലധികം തവണയാണ് തീപിടിത്തമുണ്ടാകുന്നത്. നാട്ടുകാർ വിവരം അറിയിക്കുമ്പോൾ ഫയർഫോഴ്‌സ് സംഘമെത്തി തീയണച്ച ശേഷം മടങ്ങിപ്പോകും എന്നതൊഴിച്ചാൽ ഇക്കാര്യത്തിൽ ശാശ്വത പരിഹാരത്തിനായി ഒരു നടപടിയുമുണ്ടായിട്ടില്ല.

തടാക തീരം ഭാഗികമായി കത്തിനശിച്ചു

തീപിടിത്തത്തിൽ തടാകതീരം ഭാഗികമായി കത്തിനശിച്ചു. തടാകസംരക്ഷണത്തിനായി വെച്ച് പിടിപ്പിച്ച നിരവധി വൃക്ഷത്തൈകളും നശിച്ചു. വേനൽക്കാലത്ത് തടാക തീരത്ത് തീപിടിത്തമുണ്ടാകുന്നത് എല്ലാ വർഷവും പതിവാണ്. ഫയർ ഫോഴ്സ് അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ബി. രമേശ്‌ചന്ദ്ര, പി. മോഹൻ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്.