തെന്മല : ഉറുകുന്ന് പാണ്ഡവൻപാറയിൽ സഞ്ചാരികളുടെ തിരക്കേറുന്നു. അനുകൂലമായ കാലാവസ്ഥയും വിസ്മയിപ്പിക്കുന്ന കാഴ്ചകളുമാണ് പാണ്ഡവൻപാറയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഉറുകുന്ന് ഒറ്റയ്ക്കൽ റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് ചെങ്കുത്തായ കൽപ്പടവുകളിലൂടെ കാൽനടയായിട്ടാണ് പാണ്ഡവൻ പാറയിലേക്കുള്ള യാത്ര. പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്ക് മലകയറ്റം ദുഷ്‌കരമാകില്ല. പാറയുടെ മുകളിലെത്തിയാൽ തെന്മലയുടെ വിവിധ ഭാഗങ്ങൾ, ചുറ്റുമുള്ള കാടുകൾ, കല്ലട അണക്കെട്ട്, കൊല്ലം - ചെങ്കോട്ട റെയിൽപാത, ഇടമൺ പവർ സ്റ്റേഷൻ, മൂന്നു ജില്ലകളുടെ ജലസ്രോതസായ കല്ലട ജലസേചന പദ്ധതിയുടെ ഉത്ഭവ സ്ഥാനമായ ഒറ്റക്കൽ തടയണ തുടങ്ങിയ വിസ്മയകരമായ കാഴ്ചകൾ കാണാം. നല്ല ചൂടുള്ള കാലാവസ്ഥയിൽപ്പോലും മലമുകളിൽ അനുഭവപ്പെടുന്ന കുളിർകാറ്റ് പ്രത്യേക അനുഭൂതിയാണ് നൽകുന്നത്. കുന്നിന്റെ മുകളിൽ നിന്ന് പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന കൂറ്റൻ പാറകൾ പ്രത്യേക കാഴ്ചയാണ്. ഇവ ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ ദൃശ്യമാകും.
സഞ്ചാരികളെത്തിയിട്ടും അവഗണന
നിരവധി സഞ്ചാരികളെത്തിയിട്ടും ഉറുകുന്ന് പാണ്ഡവൻ പാറയോട് അധികൃതർക്ക് അവഗണന മാത്രം. പാണ്ഡവൻപാറ, ചടയമംഗലം ജടായുപ്പാറ, ചണ്ണപ്പേട്ട കുടുക്കത്തു പാറ, കോട്ടുക്കൽ ഗുഹാക്ഷേത്രം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ കൂട്ടിയിണക്കി റോക്ക് ടൂറിസം പദ്ധതി നടപ്പാക്കിയാൽ കിഴക്കൻ മേഖലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകും. പിണറായി സർക്കാരിന്റെ കഴിഞ്ഞ ബഡ്ജറ്റിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ടായിരുന്നെങ്കിലും പിന്നീട് തുടർനടപടികൾ ഉണ്ടായില്ല. ഈ ബഡ്ജറ്റിലാകട്ടെ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായതുമില്ല.
ഐതിഹ്യം
പുനലൂരിൽ നിന്ന് 12 കിലോമീറ്ററും തെന്മലയിൽ നിന്ന് 7 കിലോമീറ്ററും അകലെ ഉറുകുന്നിലാണ് ഐതിഹ്യ പെരുമയുടെ തലയെടുപ്പുമായി പാണ്ഡവൻപാറ സ്ഥിതി ചെയ്യുന്നത്. പഞ്ചപാണ്ഡവൻമാർ തങ്ങളുടെ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നെന്നാണ് പാണ്ഡവൻപാറയുടെ ഐതീഹ്യം. ഈ വിശ്വാസത്തിൽ നിന്നാണ് ഈ പാറയ്ക്ക് പാണ്ഡവൻപാറ എന്ന് പേര് വന്നത്.
പ്രസിദ്ധമായ ശിവപാർവതീ ക്ഷേത്രം
പ്രസിദ്ധമായ ശിവപാർവതീ ക്ഷേത്രവും ഈ പാറയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേർന്ന് നിരവധി ഗുഹകളും കാണാം. ഈ ഗുഹകളിലാൽ പാണ്ഡവർ താമസിച്ചിരുന്നെന്നാണ് വിശ്വാസം. കൂടാതെ പടിഞ്ഞാറു ഭാഗത്തായി കുരിശുമലയും സ്ഥിതിചെയ്യുന്നു. ഉറുകുന്ന് ഒറ്റക്കൽ റോഡിൽ നിന്ന് ഇവിടേക്ക് പ്രത്യേകം പാതയുമുണ്ട്. ക്രൈസ്തവ വിശ്വാസികൾ യേശുക്രിസ്തു കുരിശിലേറിയതിന്റെ പീഡാനുഭവ സ്മരണകളുമായി വർഷം തോറും മല കയറും. കുരിശുമല തീർത്ഥാടനമെന്നാണ് ഇതറിയപ്പെടുന്നത്.