പത്തനാപുരം: കെ.ബി.ഗണേശ് കുമാർ എം.എൽ.എയ്ക്കെതിരെ പരസ്യവിമർശനവുമായി സി.പി.ഐ നേതാക്കൾ. പത്തനാപുരം മാർക്കറ്റ് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം നടത്തിയ സമര സായാഹ്നം പരിപാടിയിലാണ് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഘടകകക്ഷി എം.എൽ.എയ്ക്കെതിരെ നേതാക്കൾ തുറന്നടിച്ചത്.
എൽ.ഡി.എഫ്. എം.എൽ.എയായ ഗണേശിന്റെ പല നിലപാടുകളും വികസനകാര്യത്തിൽ തിരിച്ചടിയായെന്നും സാധാരണക്കാർക്കിടയിൽ മുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നുമായിരുന്നു വിമർശനം. താലൂക്കാശുപത്രിക്കായി പുതിയ കെട്ടിട നിർമ്മാണത്തിൽ എം.എൽ.എയുടെ പിടിവാശി കാര്യങ്ങൾ എങ്ങുമെത്താത്തതിന് കാരണമായി. പഞ്ചായത്തിന്റെ പണം കൊടുത്ത് കൺസൾട്ടൻസിയെ വച്ച് വൻകിട മുതലാളിമാരെ ഷോപ്പിംഗ് മാളിൽ കച്ചവടത്തിന് കൊണ്ടുവരുന്നത് നാടിന്റെ സാമ്പത്തികക്രമം തകർക്കുമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എസ്. വേണുഗോപാൽ പറഞ്ഞു. പട്ടയം കിട്ടാതെ വലയുന്ന ആയിരങ്ങളുള്ള പത്തനാപുരം മേഖലയിൽ അവർക്കുവേണ്ടി ഒന്നും ചെയ്യാൻ എം.എൽ.എയ്ക്ക് കഴിഞ്ഞില്ലെന്നായിരുന്നു സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ജിയാസുദീന്റെ വിമർശനം.