prathi-subin
സുബിൻ

പാരിപ്പള്ളി: ശ്രീരാമപുരത്തെ വർക്ക്ഷോപ്പിൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാണാതായ ബൈക്കുകൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പതിനേഴുകാരനടക്കം രണ്ടുപേർ അറസ്റ്റിലായി. ചാത്തന്നൂർ കാരംകോട് തട്ടാരുകോണം വടക്കേവീട്ടിൽ മഹേന്ദ്രന്റ മകൻ സുബിനെയും (18) സുഹൃത്തിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വർക്ക്ഷോപ്പ് ഉടമയുടേതടക്കം രണ്ട് ബൈക്കുകളാണ് അടുത്തടുത്ത ദിവസങ്ങളിലായി മോഷണം പോയത്. പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ കണ്ണനല്ലൂർ - മൈലക്കാട് റോഡിലൂടെ മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് തന്റേതാണെന്ന് വർക്ക്ഷോപ്പ് ഉടമ തിരിച്ചറിഞ്ഞു. കൊട്ടിയം പൊലീസിൽ വിവരം അറിയിക്കുകയും മോഷ്ടാക്കളെ പിന്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തഴുത്തല കുരിശടിക്ക് സമീപം തടഞ്ഞുവയ്ക്കുകയുമായിരുന്നു.

കൊട്ടിയം പൊലീസ്‌ എത്തിയതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പിടികൂടി പാരിപ്പള്ളി പൊലീസിന് കൈമാറി. വർക്ക്ഷോപ്പിൽ നിന്ന് ഈ മാസം 2ന് മോഷ്ടിച്ച ബൈക്ക് ഇവരിൽ നിന്ന് 6,​500 രൂപയ്ക്ക് വാങ്ങിയ ചാത്തന്നൂർ കോതേരി സ്വദേശി ബൈക്ക് കൂടിയ തുകയ്ക്ക് മറ്റൊരാൾക്ക് വിറ്റിരുന്നു. ഇവരിൽ നിന്ന് ബൈക്ക് പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ സുബിനെ ജയിലിലേക്കും പതിനേഴുകാരനെ ജുവനൈൽ ഹോമിലേക്കും അയച്ചു.