നീണ്ടകര: നീണ്ടകര കണ്ണാട്ടുകുടി ശ്രീ മഹാദേവീ ക്ഷേത്രത്തിലെ മകരം തിരുവാതിര മഹോത്സവം തിരു ആറാട്ടോടെ ഇന്ന് സമാപിക്കും. ഈ വർഷത്തെ ഉത്സവം കൊവിഡ് വ്യാപനംമൂലം ആഘോഷങ്ങൾ ഒഴിവാക്കി ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ മാത്രമായാണ് നടത്തിയത്. തിരുമുടി എഴുന്നള്ളത്ത്, തങ്ക അങ്കി ഘോഷയാത്ര, ദേവീ ശോഭായാത്ര, കലാപരിപാടികൾ, ചമയവിളക്ക്, ഭജനം പാർപ്പ് എന്നിവ ഉണ്ടായിരുന്നില്ല. ആറാട്ട് ദിവസമായ ഇന്ന് വൈകിട്ട് 6ന് ആചാരപരമായി ഒരു കെട്ട് കാഴ്ച തിരുമുഖം കാണിക്കും. തുടർന്ന് ദീപാരാധന, 7ന് സേവ, 9ന് ചെണ്ടമേളം, രാത്രി 2ന് ആറാട്ട് (കണ്ണാട്ടുകുടി ക്ഷേത്ര കുളത്തിൽ), തുടർന്ന് തൃക്കൊടിയിറക്ക്, കുരുതി, ദൃശ്യവിരുന്ന്. ഈ വർഷത്തെ ഉത്സവത്തിന് പറയെഴുന്നള്ളിപ്പ് ഇല്ലായിരുന്നു. പത്തു ദിവസവും കൊടിമൂട്ടിൽ പറയും നാണയപ്പറയും അമ്പറയും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലെത്തി ദേവിക്ക് സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ ക്ഷേത്രയോഗം ഭരണ സമിതി ഒരുക്കിയിരുന്നു.