ചേർത്തു കെട്ടലുകൾ പലപ്പോഴും വീടുകൾക്ക് തുടർച്ചയായ പ്രതിസന്ധികൾ സൃഷ്ടിക്കാറുണ്ട്. ചേർത്തുകെട്ടലുകൾക്ക് മുതിരുകയോ പഴയവീട് നിലനിർത്തി പുതിയ മുറികൾ പണിയുകയോ ചെയ്യുന്നതിന് മുമ്പ് വാസ്തു ദോഷമുണ്ടാവില്ലെന്ന് ഉറപ്പാക്കണം. പുതിയ കൂട്ടിച്ചേർക്കലുകൾ കാരണം പലയിടത്തും വീടുകളിൽ പ്രശ്നം കണ്ടെത്താറുണ്ട്.ചിലത് മൊത്തത്തിൽ പൊളിച്ചു കളയേണ്ട അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. 90 ഡിഗ്രിയെന്ന ഊർജതിരിവ് പൂർണമായും ഇല്ലാതാവാനും ഇടയുണ്ട്.
എല്ലായിടത്തും കണ്ടുവരുന്ന ഏറ്റവും വലിയൊരു ന്യൂനത കൂട്ടിച്ചേർക്കലുകൾ ആദ്യം തുടങ്ങുന്നത് മതിലിൽ നിന്നാണ് എന്നതാണ്. ഒരിക്കലും മതിലിനോട് ചേർത്ത് മറ്റൊരു നിർമ്മാണവും നടത്താതിരിക്കാൻ ശ്രദ്ധിക്കണം. മതിലിന്റെ ഏത് ദിശയിലും കൂട്ടിച്ചേർത്തുള്ള നിർമ്മാണം ഒഴിവാക്കേണ്ടതാണ്. ഏറ്റവും അത്യാവശ്യമെങ്കിൽ തെക്കു പടിഞ്ഞാറെ മൂലയിൽ മാത്രമെ ഇങ്ങനെ ചെയ്യാവൂ. വീട്ടിൽ നടത്തുന്ന കൂട്ടിച്ചേർക്കലോ പുതിയ മുറിയോ വീടിന്റെ മൊത്തം ആകൃതിയ്ക്ക് മാറ്റം വരുന്ന വിധം ചെയ്യരുത്. അതായത് വീട് 'എൽ "ആകൃതിയിലേയ്ക്കോ ഏതെങ്കിലും കോണുകളായി മാറുന്ന വിധത്തിലോ വരരുത്. നിലവിൽ അത്തരം ആകൃതിയുളളതോ മുറിഞ്ഞു നിൽക്കുന്നതോ ആയതും മാറ്റുക തന്നെ വേണം. പുതിയ മുറി പണിയുമ്പോൾ സമചതുരത്തിനോ ദീർഘ ചതുരത്തിനോ ഭംഗം ഉണ്ടാവരുത്. പരമാവധി തെക്കോ പടിഞ്ഞാറോ പുതിയ മുറിയെടുക്കുന്നതാണ് ഉത്തമം. അങ്ങനെ തെക്കോ പടിഞ്ഞാറോ മുറിയെടുത്താൽ മുറിവായോ 'എൽ "ആകൃതിയോ വരുന്ന സ്ഥിതിയുണ്ടായാൽ അതിന്റെ നേർ എതിർ ഭാഗത്ത് ഫൗണ്ടേഷൻ രണ്ടടി താഴ്ചയിൽ ചെയ്യണം. ഇല്ലെങ്കിൽ അത് നിത്യദുരിതത്തിന് ഇടയാക്കും.കിഴക്കും വടക്കും പരമാവധി പുതിയ മുറികൾ ഒഴിവാക്കാം. സ്ഥലം കൂടുതലുണ്ടെങ്കിൽ ഔട്ട് ഹൗസ് കെട്ടുന്നവരുമുണ്ട്. ഔട്ട് ഹൗസായാൽ പോലും വീടിന്റെ തെക്കോ പടിഞ്ഞാറോ ചെയ്യുന്നതാണ് ഉത്തമം. വീടിന്റെ ദർശനം എങ്ങോട്ടാണോ , അങ്ങോട്ട് തന്നെ ഔട്ട് ഹൗസിന്റെ വാതിലും ഇടണം. കിഴക്കോ വടക്കോ അധിക മുറിവേണമെന്നുളളവർ ഒരു മുറി മാത്രം കെട്ടാതെ ഒന്നോ രണ്ടോ മുറി ചേർത്ത് നിലവിലെ വീടിനോട് ചേർത്ത് ചെയ്യാം. അധികം സ്ഥലം വരുകയാണെങ്കിൽ അത് വരാന്തയാക്കി മാറ്റാം. അതു വഴി കൂട്ടിച്ചേർക്കലിന്റെ ദോഷം ഒഴിവാകുകയും ചെയ്യും.വരാന്ത ചേർക്കാതിരുന്നാൽ മുറിവുണ്ടായി വീടിന്റെ മൊത്തം ഊർജമേഖലയെ അസ്ഥിരപ്പെടുത്താം.അതുവരെ എങ്ങനെയായിരുന്നോ ഊർജവിന്യാസം അതേ തരത്തിലാകില്ല പുതിയ കെട്ടിൽ രൂപപ്പെടുന്നത്.
പുതിയ കൂട്ടിച്ചേർക്കലുകളുണ്ടാവുമ്പോൾ തികച്ചും വ്യത്യസ്തമായിട്ടാവും ഊർജമൊഴുകുക.അത് വീടിനാകെ അനുകൂല തരംഗത്തെ സൃഷ്ടിക്കുകയാണ് വേണ്ടത്. ദോഷമായി വരാനിടവരരുതെന്ന് സാരം. ഫിഷ് ടാങ്ക് വച്ചതു കൊണ്ടോ, കിളികളെ വളർത്തിയതുകൊണ്ടോ പൂജ ചെയ്തതു കൊണ്ടോ മാറുന്നതല്ല വാസ്തു പ്രശ്നം. അത് പ്രാപഞ്ചികോർജത്തെ വിന്യസിക്കപ്പെടലാണ്. ഭൂമി അതിന്റെ അച്ചുതണ്ടിനെ വലം വയ്ക്കുന്നതുപോലെ ചരാചര സംതുലിതാവസ്ഥയ്ക്ക് കോട്ടമുണ്ടാകാത്തവിധം വേണം കൂട്ടിച്ചേർക്കലുകൾ നടത്താൻ. പുതിയ കെട്ടുകളുണ്ടാവുമ്പോൾ സംഭവിക്കുന്ന മറ്റൊരു പ്രശ്നം വീടിന്റെ അളവുകളിലെ താളപ്പിഴയാണ്.
ഇഷ്ടമുള്ള അളവിൽ തന്നെ വീടുവയ്ക്കാം. പക്ഷേ വീടിന്റെ മദ്ധ്യസൂത്രമോ, ബ്രഹ്മമേഖലയോ, മൃത്യു , യമ സൂത്രങ്ങളോ മാറിപ്പോകാൻ ഇടയാകും .അങ്ങനെ മാറുന്നുണ്ടെങ്കിൽ മറുവശത്ത് നീളമോ വീതിയോ കൂട്ടി ക്രമപ്പെടുത്തിയാൽ മതിയാവും.മൊത്തം കെട്ടിടത്തിനെക്കാൾ ഉയരം വരുന്ന വിധത്തിൽ പുതിയ മുറി കെട്ടരുത്. എന്നാൽ തെക്ക് ഭാഗത്ത് ഉയരുന്നത് ഗുണകരമാണ്.