കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗത്തിന് ലക്ഷ്യ സ്ഥാനത്തേക്ക് പറന്നുയരാനുള്ള ചിറകുകളാണ് വനിതാ സംഘവും യൂത്ത്മൂവ്മെന്റുമെന്ന് യോഗം കൗൺസിലർ പി.ടി.മന്മഥൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രട്ടറി ,എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ 25 വർഷം പൂർത്തിയാക്കിയതിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി യൂണിയൻ ഓഡിറ്റോറിയത്തിൽ വനിതാ സംഘം പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി നടേശൻ ചുമതലയേറ്റ ശേഷം യോഗത്തിനും എസ്.എൻ.ട്രസ്റ്റിനും അഭൂതപൂർവമായ വളർച്ചയാണ് ഉണ്ടായത്. വിദേശ രാജ്യങ്ങളിൽ പോലും യോഗത്തിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ ജനറൽ സെക്രട്ടറിയ്ക്ക് കഴിഞ്ഞു. മഹാഗുരുവിനാൽ രൂപീകൃതമായ എസ്.എൻ.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തെ ലോകവ്യാപകമാക്കാൻ കഴിഞ്ഞത് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ജാഗ്രതാ നിർഭരമായ പ്രവർത്തനം കൊണ്ടാണെന്നും പി.ടി.മന്മഥൻ പറഞ്ഞു.
യോഗത്തിൽ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അംബികാദേവി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ, യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ശർമ്മാ സോമരാജൻ എന്നിവർ സംസാരിച്ചു. അധികാര രാഷ്ട്രീയത്തിൽ വനിതാ സംഘത്തിന്റെ പങ്ക് എന്ന വിഷയത്തെ അധികരിച്ച് വനിതാ സംഘം കേന്ദ്ര സമിതി സെക്രട്ടറി സംഗീത വിശ്വനാഥൻ ക്ലാസ് എടുത്തു. യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, എസ്.സലിംകുമാർ യൂണിയൻ കൗൺസിലർമാരായ ഡോ. കെ.രാജൻ, എം.രാധാകൃഷ്ണൻ, എൻ.മധു, കെ.സദാനന്ദൻ, ജി.ശ്രീകുമാർ, എൻ.ബാബു, പി.ഡി.രഘുനാഥൻ, യൂത്ത് മൂവ്മെന്റ് നേതാക്കളായ നീലികുളം സിബു, ടി.ഡി.ശരത്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ട്രോഫികൾ സംഗീത വിശ്വനാഥൻ വിതരണം ചെയ്തു. വനിതാസംഘം യൂണിയൻ സെക്രട്ടറി മധുകുമാരി സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് സ്മിത നന്ദിയും പറഞ്ഞു. ഗീതാബാബുവിന്റെ പ്രാർത്ഥനാലാപത്തോടെയാണ് പരിപാടി ആരംഭിച്ചത്.