athira

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ വീട്ടിലെ ബാത്ത് റൂമിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഭർതൃമാതാവും ദുരൂഹ സാഹചര്യത്തിൽ മരിച്ചത് പൊലീസിനെ വട്ടംകറക്കുന്നു.

ചെമ്മരുതി മുത്താന ഗുരുമുക്കിനു സമീപം സുനിതാ ഭവനിൽ പുഷ്പാംഗദന്റെ ഭാര്യ ശ്യാമളയെയാണ് (53)​ കഴിഞ്ഞ ദിവസം വീടിന് സമീപത്തെ കോഴിഫാമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 15 നാണ് ശ്യാമളയുടെ മകൻ ശരത്തിന്റെ ഭാര്യ വെട്ടൂർ വെന്നികോട് വലയന്റെകുഴി ശാന്ത മന്ദിരത്തിൽ ഷാജിയുടെയും ശ്രീനയുടെയും മകൾ ആതിരയെ ഭർത്തൃഗൃഹത്തിലെ ബാത്ത് റൂമിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ദുരൂഹത ഉന്നയിച്ചും അന്വേഷണം ആവശ്യപ്പെട്ടും ആതിരയുടെ പിതാവ് എസ്.പി ക്ക് നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശ്യാമളയും ജീവനൊടുക്കിയത്. ശ്യാമള തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി മകൾ പറഞ്ഞിട്ടുണ്ടെന്ന് എസ്.പിക്ക് നൽകിയ പരാതിയിൽ പിതാവ് വെളിപ്പെടുത്തിയിരുന്നു.

നവംബർ 30 നായിരുന്നു ശരത്തും ആതിരയും വിവാഹിതരായത്. ശരത്ത് പിതാവുമായി ആശുപത്രിയിൽ പരിശോധനയ്ക്ക് പോയ സമയത്താണ് ആതിരയെ വീട്ടിനുള്ളിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടത്.

ഈ സമയത്ത് വീട്ടിലെത്തിയ ആതിരയുടെ മാതാവാണ് സംഭവം ആദ്യം കണ്ടത്. അകത്തുനിന്ന് അടച്ച നിലയിലായിരുന്നു ബാത്ത് റൂം. രക്തംപുരണ്ട കത്തിയും അതിനുള്ളിൽ നിന്ന് കണ്ടെത്തിയിരുന്നു. വീടിന്റെ കതക് തുറന്ന നിലയിൽ കണ്ടെത്തിയതും മകൾക്ക് ജീവനൊടുക്കേണ്ട മറ്റ് സാഹചര്യങ്ങളൊന്നും ഇല്ലാതിരുന്നതുമാണ് ആതിരയുടെ വീട്ടുകാർ പരാതിയുമായി രംഗത്തെത്താൻ കാരണം.

ഒരു ഉറുമ്പിനെപ്പോലും നോവിക്കാൻ മനസില്ലാത്ത മകൾ സ്വയം കഴുത്തറുത്ത് ക്രൂരമായ നിലയിൽ ജീവനൊടുക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് ആതിരയുടെ വീട്ടുകാരുടെ വാദം. മകളെ ആരോ അപായപ്പെടുത്തിയതാണെന്ന് ഉറച്ച് വിശ്വസിക്കുന്ന വീട്ടുകാർ,​ ഭർതൃമാതാവുൾപ്പെടെയുള്ളവരെ ഇതുമായി ബന്ധപ്പെട്ട് സംശയിച്ചിരുന്നു.

ഇക്കാര്യങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെ പ്രതിയെന്ന നിലയിൽ തന്നെ സംശയനിഴലിലാക്കിയതും സമൂഹമാദ്ധ്യമങ്ങളിലടക്കം നിരന്തരം വാർത്തകൾ വന്നതും ശ്യാമള ദുഃഖിതയായിരുന്നത്രേ. ഇക്കാര്യം ചില ബന്ധുക്കളോട് അവർ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആര്യയുടെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പൊലീസിനോടും ബന്ധുക്കളോടും വെളിപ്പെടുത്തിയിരുന്ന അവർ,​ ഇക്കാര്യങ്ങൾ അന്വേഷണത്തിലിരിക്കെ ജീവനൊടുക്കിയതാണ് ഇപ്പോൾ നാട്ടുകാർക്കിടയിൽ പലവിധ സംശയങ്ങൾക്ക് കാരണമായിരിക്കുന്നത്.

ശ്യാമള തെറ്റുകാരിയായതിനാലാണ് ജീവനൊടുക്കിയതെന്നും അതല്ല,​ നിരപരാധിയായ താൻ ക്രൂശിക്കപ്പെടുന്നതിൽ മനം നൊന്താണ് കടുംകൈയ്ക്ക് മുതിർന്നതെന്നുമുള്ള വാദങ്ങൾ ഉയരുമ്പോഴും ഇരുമരണങ്ങളിലെയും ദുരൂഹത ഒഴിയുന്നുമില്ല. എന്തായാലും,​ രണ്ട് സംഭവങ്ങളും അതീവഗൗരവമായാണ് കാണുന്നതെന്ന് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ആറ്റിങ്ങൽ ഡിവൈ.എസ്.പി: എസ്.വൈ സുരേഷ് പറഞ്ഞു.

ആര്യയുടെ മരണം ആത്മഹത്യയാകാനാണ് സാദ്ധ്യതയെന്നും പുറത്ത് നിന്നാരുടെയും സാന്നിദ്ധ്യം അവിടെ കണ്ടെത്താനായിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ,​ ആതിരയുടെ മരണത്തിന് പിന്നാലെ ശ്യാമളയും ആത്മഹത്യ ചെയ്തതോടെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമായിവന്നിരിക്കുന്നതായി പൊലീസ് വെളിപ്പെടുത്തുന്നു. വിവാഹത്തിന് മുമ്പ് മുതലുള്ള ആര്യയുടെയും ശരത്തിന്റെയും കുടുംബ കാര്യങ്ങളിലുൾപ്പെടെ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. മൊബൈൽ ഫോൺ കോൾ വിശദാംശങ്ങളും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിക്കുന്നതോടെ കാര്യങ്ങളിൽ വ്യക്തത വരുത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.