കൊല്ലം: വല വിഴുങ്ങി അപകടത്തിൽപ്പെട്ട് കൊല്ലം തങ്കശേരി പുലിമുട്ടിൽ അടിഞ്ഞ ഡോൾഫിൻ രണ്ട് മണിക്കൂറിനുള്ളിൽ ചത്തു. ആൻഡമാൻ നിക്കോബാർ ഐലൻഡിനോട് ചേർന്ന് ഉൾക്കടലിൽ കണ്ടുവരാറുള്ള സ്ട്രിപ്പിഡ് ഇനത്തിൽപ്പെട്ട ഡോൾഫിനാണ് കൊല്ലം തീരത്ത് മരണത്തിന് കീഴടങ്ങിയത്.
ചൊവ്വാഴ്ച രാവിലെ 9ഓടെ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് തങ്കശേരി പുലിമുട്ടിന് സമീപം ശരീരത്തിൽ വല കുരുങ്ങിയ നിലയിൽ ഡോൾഫിനെ കണ്ടത്. മത്സ്യത്തൊഴിലാളികൾ ഡോൾഫിനെ ഉൾക്കടലിലേക്ക് ഒഴുക്കിവിടാൻ ശ്രമിച്ചെങ്കിലും മിനിറ്റുകൾക്കകം മടങ്ങിയെത്തി.
സ്ഥലത്തെത്തിയ കോസ്റ്റൽ പൊലീസ് വനംവകുപ്പിനെ വിവരം അറിയിച്ചു. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ നേതൃത്വത്തിൽ വനംവകുപ്പ് സംഘമെത്തി കോസ്റ്റൽ പൊലീസിന്റെ ബോട്ടിൽ ഡോൾഫിനെ കരയ്ക്കെത്തിച്ചപ്പോഴേക്കും ചത്തു. തുടർന്ന് വനം വകുപ്പിന്റെ ഡോക്ടർ വി.ജി. സിബിയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഡോൾഫിന്റെ ആമാശയത്തിൽ നിന്ന് പ്ലാസ്റ്റിക് വല കണ്ടെടുത്തു. ആമാശത്തിൽ വല നിറഞ്ഞതിനാൽ രണ്ട് ദിവസമായി ആഹാരം കഴിക്കാനാകാതെ അവശനായാണ് ഡോൾഫിൻ ചത്തതെന്ന് കരുതുന്നു. 2.2 മീറ്റർ നീളവും 70 കിലോ ഭാരവുമുണ്ട്. സാധാരണ ഉൾക്കടലിൽ മാത്രമേ സ്ട്രിപ്പിഡ് ഡോൾഫിനെ കാണാറുള്ളു.
കോസ്റ്റൽ എസ്.എച്ച്.ഒ എസ്. ഷെറീഫ്, എസ്.ഐമാരായ നാസർകുട്ടി, സജയൻ, പ്രശാന്തൻ, പ്രൊഫ. ഹരലിൻ, ലൈഫ് ഗാർഡ് രാജു, വനം വകുപ്പ് ഉദ്യോഗസ്ഥരായ നൗഷാദ്, ഷിബു, ശ്രീജിത്ത്, കോസ്റ്റൽ വാർഡന്മാരായ സിൽവി, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡോൾഫിനെ കരയ്ക്കെത്തിച്ചത്.