കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വില്ലേജ് ഓഫീസ് ഇന്ന് മുതൽ ഹൈടെക് നിലവാരത്തിലേക്ക് മാറുന്നു. മൂന്നര പതിറ്രാണ്ട് പഴക്കമുള്ള, കുടുസ് മുറിയിൽ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസ് പൊളിച്ച് നീക്കിയാണ് ഹൈടെക് നിലവാരമുള്ള വില്ലേജ് ഓഫീസ് നിർമ്മിച്ചത്. ആർ.രാമചന്ദ്രൻ എം.എൽ.എ യുടെ ശ്രമഫലമായി സർക്കാർ അനുവദിച്ച 44 ലക്ഷം രൂപാ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വില്ലേജ് ഓഫീസർക്കുള്ള മുറി, ഓഫീസ് മുറി, റെക്കാർഡ് റൂം ഡൈനിംഗ് റൂം മൂന്ന് ബാത്ത് റൂമുകൾഎന്നിവ ഉൾക്കൊള്ളുന്നതാണ് പുതിയ കെട്ടിടം. ഓഫീസിൽ എത്തുന്നവർക്ക് ഇരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പ്രത്യേക ടൊയ്ലെറ്റും നിർമ്മിച്ചിട്ടുണ്ട്. 9 മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.സംസ്ഥാന ഹൗസിംഗ് ബോർഡാണ് നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്.
ഇന്ന് ഉദ്ഘാടനം
ഇന്ന് രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ഓഫീസ് ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കും. ആർ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യ അതിഥിയായിരിക്കും. സബ് കളക്ടർ ശിഖാ സുരേന്ദ്രൻ, നഗരസഭാ ചെയർമാൻ കോട്ടയിൽരാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, കൗൺസിലർ ബീനാ ജോൺസൺ, പാർട്ടി നേതാക്കളായ ഷെറഫുദ്ദീൻ മുസലിയാർ, ജെ.ജയകൃഷ്ണപിള്ള, എൻ.അജയകുമാർ, അമ്പുവിള ലത്തീഫ്, ഷിജി ആനന്ദ്, കെ.എസ്.കമറുദ്ദീൻ മുസലിയാർ, അജയകുമാർ,വൈ.കാഞ്ഞിയിൽ അബ്ദുൽറഹ്മാൻ, രാജു പണ്ഡകശാല, അജയൻ പിംസോൾ, ജി ഗിരീഷ്എന്നിവർ പ്രസംഗിക്കും. ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ സ്വാഗതവും തഹസീൽദാർ ഷിബു നന്ദിയും പറയും. പഴയ വില്ലേജ് ഓഫീസിന്റെ സ്ഥലപരിമിതിയെ കുറിച്ച് കേരളകൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു.