വിഷ്ണുവിന്റെ മൃതദേഹം കാണാതെ വിതുമ്പി രാഗി
ചാത്തന്നൂർ: 'നാല് ദിവസം പ്രായമായ കുഞ്ഞിന് ഉമ്മ കൊടുത്ത്, തന്നെ ചേർത്തുപിടിച്ച്, പോയിവരാമെന്ന് പറഞ്ഞിറങ്ങിയ പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം തനിക്ക് കാണേണ്ടെന്ന് ' പറഞ്ഞാണ് രാഗിയുടെ കരച്ചിൽ. 'ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോയ ആ മുഖം മതി, ഇനിയെന്റെ ഓർമ്മകളിൽ', രാഗിയുടെ പതംപെറുക്കൽ കണ്ടുനിൽക്കുന്നവരെയും കണ്ണീരിലാഴ്ത്തി.
മകനെ കണ്ട് കൊതി തീരും മുൻപാണ് ചിറക്കര എ.വി ഭവനിൽ അരവിന്ദാക്ഷൻ ജ്യോത്സ്യരുടെയും വിമലയുടെയും മകൻ വിഷ്ണുഅരവിന്ദിനെ (29) മരണം കൂട്ടിക്കൊണ്ടുപോയത്.
പ്രസവശേഷം ഭാര്യ രാഗി കുഞ്ഞ് ഋത്വിനൊപ്പം കല്ലുവാതുക്കൽ നടയ്ക്കലിലുള്ള വീട്ടിലായിരുന്നു. എങ്കിലും സമയം കിട്ടുമ്പോഴൊക്കെ ഭാര്യയെയും കുഞ്ഞിനെയും കാണാൻ വിഷ്ണു ഓടിയെത്തുമായിരുന്നു. ചൊവ്വാഴ്ചയും കുഞ്ഞിനെ കാണാൻ പോയിരുന്നു. തിരുവനന്തപുരത്ത് കൊടുക്കേണ്ട വിവാഹ ഫോട്ടോ ആൽബവുമായി പോകുമ്പോൾ ഉറ്റസുഹൃത്തുക്കൾക്ക് ഇഷ്ടഭക്ഷണം വാങ്ങിനൽകുന്നതിന് കൂടിയാണ് ഒപ്പം കൂട്ടിയത്. വഴിയിൽ കാത്തിരുന്ന അപകടം സുഹൃത്തുക്കളെ എല്ലാവരെയും കൂട്ടിക്കൊണ്ടുപോയി.
വിവരം അറിഞ്ഞ് രാഗിയെയും കുഞ്ഞിനെയും ബന്ധുക്കൾ വിഷ്ണുവിന്റെ വീട്ടിലെത്തിച്ചെങ്കിലും മൃതദേഹം കാണാൻ രാഗി പുറത്തേയ്ക്ക് വന്നില്ല. കുഞ്ഞിനെ ചേർത്തുപിടിച്ച് മുറിക്കുള്ളിൽ വിങ്ങിപ്പൊട്ടുകയായിരുന്നു.
ചിറക്കര ക്ഷേത്രത്തിന് സമീപം സ്റ്റുഡിയോ നടത്തുന്ന വിഷ്ണു സ്വകാര്യ ഇൻഷ്വറൻസ് ഏജന്റായും പ്രാദേശിക ചാനൽ റിപ്പോർട്ടറായും പ്രവർത്തിച്ചിരുന്നു. ചിറക്കര ക്ഷേത്രം ജംഗ്ഷനിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വിഷ്ണുവിനെ അവസാനമായൊന്ന് കാണാൻ കൊവിഡ് മറന്ന് നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്. സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ നടത്തി.