കളമശേരി മോഡൽ മർദ്ദനം കൊല്ലത്തും
പ്രതികളും പ്രായപൂർത്തിയാകാത്തവർ
കൊല്ലം: കളമശേരി മോഡൽ മർദ്ദനം കൊല്ലത്തും. കുണ്ടറയ്ക്കടുത്ത് പേരൂർ കൽകുളത്ത് കാവിന് സമീപം പ്രായപൂർത്തിയാവാത്ത രണ്ട് വിദ്യാർത്ഥികളെ നാലംഗ സംഘം മർദ്ദിച്ച് അവശരാക്കി വയലിൽ തള്ളി. അക്രമിസംഘത്തിലുള്ളവർ റെക്കോഡ് ചെയ്ത വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ, സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്.
കരിക്കോട് കണ്ണമത്ത് വീട്ടിൽ ബീജിലാലിന്റെ മകൻ എട്ടാം ക്ലാസിൽ പഠിക്കുന്ന ഉണ്ണിയെന്ന അനശ്വർലാൽ (13), കൂട്ടുകാരൻ പേരൂർ കൃഷ്ൺ കാവ് സ്വദേശി ദേവ് (14) എന്നിവരാണ് മർദ്ദനത്തിനിരയായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. അക്രമികളെ ദേവ് കളിസ്ഥലത്ത് വച്ച് നേരത്തേ കണ്ടിട്ടുണ്ട്. അവരിൽ ഒരാൾ ദേവിനെ ഫോണിൽ വിളിച്ച് കളിയാക്കിയിരുന്നു. കളിയാക്കിയയാൾ പിന്നീട് ദേവിനോട് ക്ഷമപറയുകയും വൈകിട്ട് കളിക്കാനായി മാമ്പുഴ വയലിനടുത്തേയ്ക്ക് വിളിക്കുകയും ചെയ്തു. വൈകിട്ട് ഉണ്ണിയും ദേവുമായി സൈക്കിളിലാണ് കളിക്കാനെത്തിയത്. ഇരുവരെയും കണ്ടയുടൻ നാലംഗ സംഘം കുട്ടികളെ വളഞ്ഞു. തുടർന്ന് സൈക്കിൾ വയലിലേയ്ക്ക് എറിഞ്ഞു. പിന്നീട് മൂന്നുപേർ ചേർന്ന് ദേവിനെ വലിച്ചിഴച്ച് തൊട്ടടുത്ത കുറ്റിക്കാട്ടിലെത്തിച്ച് മർദ്ദിക്കുകയായിരുന്നു. നിലവിളിച്ചിട്ടും വിട്ടില്ല. ബെൽറ്റു കൊണ്ട് അടിച്ചും അടിവയറ്റിൽ തൊഴിച്ചും ക്രൂര മർദ്ദനം ഒരു മണിക്കൂറോളം തുടർന്നു. സഹികെട്ട് പിടിച്ചുമാറ്റാനെത്തിയ ഉണ്ണിയെയും ഇവർ മർദ്ദിച്ചു. അടിവയറ്റിലും മുതുകത്തുമായിരുന്നു അടി. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ദേവിനും ഉണ്ണിക്കും കണ്ണിനും മുഖത്തും ശരീരത്തിൽ പലയിടത്തും ക്ഷതമേറ്റ പാടുകളുണ്ട്.
മർദ്ദന ദൃശ്യം ചൊവ്വാഴ്ച രാത്രിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. വിവരമറിഞ്ഞ ദേവിന്റെയും ഉണ്ണിയുടെയും രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കളക്ടറുടെ നിർദ്ദേശാനുസരണം ജില്ലാ ശിശുക്ഷേമസമിതിയും സംഭവത്തിൽ കേസെടുത്തു. പ്രതികളെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കി അനന്തര നടപടികൾ കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു.