ചാത്തന്നൂർ: കാതടപ്പിക്കുന്ന ഹോൺ, കാഴ്ച നശിപ്പിക്കുന്ന ശക്തമായ ഹെഡ് ലൈറ്റുകൾ, അമിതവേഗത എന്നിവ മത്സ്യം കയറ്റി വരുന്ന വാഹനങ്ങളുടെയും സംസ്ഥാനാന്തര ഹെവി വാഹനങ്ങളുടെയും അവകാശമാണെന്ന നിലയിലാണ് രാത്രികാല യാത്രകൾ.
ഇത്തരം വാഹനങ്ങൾ എതിരെ വരുമ്പോൾ ഇരുചക്ര യാത്രക്കാരും കാറുകൾ പോലെയുള്ള ചെറിയ വാഹനങ്ങളും ഭയത്തോടെ പാതയോരത്തേയ്ക്ക് ഒതുക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇങ്ങനെ ചെയ്യാതിരുന്നാൽ കഴിഞ്ഞദിവസം കല്ലമ്പലം തോട്ടയ്ക്കാട്ട് നടന്നതുപോലുള്ള ദുരന്തങ്ങളിലായിരിക്കും അവസാനിക്കുക.
രാത്രികാലങ്ങളിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരും ഇത്തരം കുറ്റകൃത്യങ്ങൾക്ക് നേരെ കണ്ണടയ്ക്കാറുണ്ട്. ആർ.സി ബുക്കും ലൈസൻസും വാഹനത്തിലെ ലോഡും പരിശോധിച്ച് പിഴ ഈടാക്കുന്നതല്ലാതെ മറ്റൊന്നും പരിശോധിക്കാറില്ല.