samskaram

ചാത്തന്നൂർ: കല്ലമ്പലത്തെ അപകടത്തിൽ മരിച്ച ഉറ്റസുഹൃത്തുക്കളായ അഞ്ചുപേർക്കും ഒരേ ഇഷ്ടങ്ങളായിരുന്നു. എല്ലാ കാര്യത്തലും ഒരേ മനസായിരുന്നു. ഒടുവിൽ അപ്രതീക്ഷിതമെങ്കിലും അന്ത്യയാത്രയിലും അവരൊന്നിച്ചു.

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി വിഷ്ണു ആശുപത്രിയിലും വീട്ടിലും സ്റ്റുഡിയോയിലുമായി ഓടി നടന്ന് ക്ഷീണിതനായിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരത്തെ വിവാഹ ആൽബം എത്തിക്കേണ്ടി വന്നത്. അവിടെ വരെ കാർ തനിച്ചോടിക്കാൻ വയ്യ. വിവരം സുഹൃത്തും ചിറക്കരയിലെ വ്യാപാരിയുമായ രാജീവിനോട് പറഞ്ഞു. കാറോടിക്കാൻ രാജീവിന് സമ്മതം. രാജീവ് സുഹൃത്തുക്കളായ അരുണിനോടും സൂര്യോദയകുമാറിനോടും സുധീഷിനോടും പറഞ്ഞു. അങ്ങനെയെങ്കിൽ അവരും ഒപ്പം വരാമെന്നും കുഞ്ഞിനെ കണ്ടിട്ട് പോകാമെന്നുമായി വിഷ്ണു. അച്ഛനായതിന്റെ ചെലവ് ചെയ്യാമെന്നും വിഷ്ണു പറഞ്ഞു. ഇഷ്ടമുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണവും വിഷ്ണു വാഗ്ദാനം ചെയ്തു.

രാജീവും വിഷ്ണുവും ഏഴോടെ സ്ഥാപനങ്ങൾ അടച്ചു. ഉച്ചവരെ ജെ.സി.ബി പ്രവർത്തിപ്പിച്ച ശേഷം വീട്ടിലെത്തി ഉറക്കമായിരുന്ന സൂര്യോദയകുമാറും ഏഴരയോടെ റെഡിയായി. കല്ലുവാതുക്കലിലെ സ്വകാര്യ ഏജൻസിയോടൊപ്പം ഇലക്ട്രിക്കൽ ജോലിക്ക് പോയിരുന്ന സുധീഷ് രാത്രി വർക്കുണ്ടെന്ന് അമ്മയോടുപറഞ്ഞ് അനുവാദം വാങ്ങി. വിഷ്ണുവിനും രാജീവിനുമൊപ്പം സ്വകാര്യ ഇൻഷ്വറൻസ് സംബന്ധമായ ജോലികൾ ചെയ്തിരുന്ന അരുണും ഒപ്പം കൂടിയതോടെ കോറം തികഞ്ഞു. തന്റെ ഐ 20 കാറുമായെത്തി വിഷ്ണു എല്ലാവരെയും വീടുകളിലെത്തി കൂട്ടിക്കൊണ്ടുപോയി. വഴിക്ക് ഭാര്യയെയും കുഞ്ഞിനെയും കണ്ടു. തുടർന്നുള്ള യാത്രയാണ് കൂട്ട നിലവിളിയിൽ മുങ്ങിയത്.

ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ രാജീവിന്റെ മൃതദേഹമാണ് ആദ്യം എത്തിയത്. മൂന്നരയോടെ വിഷ്ണുവിന്റെതും നാലരയോടെ അരുണിന്റെയും ചേതനയറ്റ ശരീരങ്ങൾ ഉറ്റവർക്ക് മുന്നിലെത്തി. ഇവർ മൂവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സൂര്യോദയകുമാറിന്റെയും സുധീഷിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. സുധീഷിന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കും.