hos
പുനലൂർ ഗവ.താലൂക്ക് ആശുപത്രിക്ക് വേണ്ടി നിർമ്മാണം പൂർത്തിയാക്കിയ പത്ത് നിലയുളളകെട്ടിട സമുച്ചയത്തിൻെറ സമർപ്പണ സമ്മേളനത്തിൻെറ മുന്നോടിയായി ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു..

പുനലൂർ: ഗവ.താലൂക്ക് ആശുപത്രിക്ക് വേണ്ടി 92കോടിയോളം രൂപ ചെലവഴിച്ച് പത്ത് നിലയിൽ നിമ്മാണം പൂർത്തിയാക്കിയ ഹൈടെക് കെട്ടിട സമുച്ചയം അടുത്ത മാസം 10ന് ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി കെ.രാജു അറിയിച്ചു. സമർപ്പണ സമ്മേളനത്തിൻെറ മുന്നോടിയായി പുനലൂർ നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമർപ്പണ ചടങ്ങിൽ മന്ത്രിമാരായ കെ.രാജു, തോമസ് ഐസക്,കെ.കെ.ശൈലജ എന്നിവർക്ക് പുറമെ എം.പി, എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളും പങ്കെടുക്കും.

അത്യാധുനിക സൗകര്യങ്ങളോടെ

ആരോഗ്യ രംഗത്തെ പുരോഗതിയിലേക്ക് നയിക്കാൻ രൂപീകരിച്ച ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്‌ബിയിൽ നിന്ന് അനുവദിച്ച 68കോടി രൂപയും സ്ഥലം എം.എൽ.എയായ മന്ത്രി കെ.രാജു, എൻ.കെ.പ്രേമചന്ദ്രൻ എം.പി തുടങ്ങിയവരുടെ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയും ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് പത്ത് നിലയുള്ള കെട്ടിടം പണിതിരിക്കുന്നത്. നിർമ്മാണത്തിന് പത്ത് വർഷം നീണ്ടെങ്കിലും ഇതിനൊപ്പം പണി ആരംഭിച്ച ആശുപത്രി കെട്ടിടങ്ങളുടെ പണികൾ പൂർത്തിയാക്കാൻ കരാറുകാർക്ക് കഴിഞ്ഞിട്ടില്ല.എന്നാൽ മന്ത്രി കെ.രാജുവിന്റെയും ആരോഗ്യ വകുപ്പിന്റെയും നിരന്തരമായ ശ്രമത്തിന്റെ ഫലമായാണ് രണ്ടര വർഷം കൊണ്ട് കെട്ടിടം പണി പൂർത്തിയാക്കാൻ കഴിഞ്ഞത്.

സ്വാഗതസംഘം രൂപീകരണം

നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, വസന്ത രഞ്ചൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ, ജില്ലാ പഞ്ചായത്ത് അംഗം ഡോ.കെ.ഷാജി തുടങ്ങിയവർ സംസാരിച്ചു.സ്ഥലം എം.എൽ.എയായ മന്ത്രി കെ.രാജു, എൻ.കെ.പ്രേമചന്ദ്രൻ എം.പി, മുൻ നഗരസഭ ചെയർമാൻമാരായ എം.എ.രാജഗോപാൽ, കെ.രാജശേഖരൻ, കെ.എ.ലത്തീഫ്എന്നിവരെ രക്ഷാധികാരികളായും നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാമിനെ ചെയർമാനായും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ കൺവീനറുമായുളള 201അംഗ സ്വാഗത സംഘ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.