മൺറോത്തുരുത്ത്: വേലിയേറ്റത്തെ തുടർന്ന് ഭൂരിഭാഗം പ്രദേശങ്ങളും മുങ്ങുന്ന മൺറോത്തുരുത്തിൽ വെള്ളം കയറി സഞ്ചാരം തടസപ്പെടാത്ത തരത്തിൽ റോഡുകൾ പുനർനിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. നിലവിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് പുനർനിർമ്മിക്കുന്ന റോഡുകളുടെ അലൈൻമെന്റിൽ അനുയോജ്യമായ മാറ്റം വരുത്തണമെന്നാണ് മൺറോത്തുരുത്തുകാർ പറയുന്നത്.
ഇടിയക്കടവ് - കാരൂത്തറക്കടവ് - റെയിൽവേ സ്റ്റേഷൻ - ടെലിഫോൺ എക്സ്ചേഞ്ച് റോഡ്, കാനറാ ബാങ്ക് - പേഴുംതുരുത്ത് റോഡ് എന്നിവയാണ് മൺറോത്തുരുത്തിലെ പ്രധാന യാത്രാ മാർഗങ്ങൾ. ഇവയുടെ പുനർനിർമ്മാണമാണ് നിലവിൽ നടക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ റോഡുകളുടെ ഉയരം 30 സെന്റിമീറ്ററോളം ഉയരും.
എന്നാൽ റെയിൽവേ സ്റ്റേഷൻ മുതൽ ടെലിഫോൺ എക്സേഞ്ച് വരെയുള്ള റോഡിലെ ദുരിതമൊഴിയാൻ ഇത് പരിഹാരമാകില്ല. ചതുപ്പുപ്രദേശമായ ഇവിടം താഴ്ന്നുപോകുന്ന പ്രതിഭാസവും നിലനിൽക്കുന്നുണ്ട്. നിലവിലെ അലൈൻമെന്റ് പ്രകാരം റോഡ് നിർമ്മിച്ചാൽ വീണ്ടും വെള്ളത്തിനടിയിലാകുമെന്നും നാട്ടുകാർ പറയുന്നു.
പെരുമൺ, കണ്ണങ്കാട്ട് പാലങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം - കരുനാഗപ്പള്ളി പാതയുടെ ഭാഗമായി മാറുന്ന റോഡ് കൂടിയാണ് ഇത്. ആവശ്യമുന്നയിച്ച് മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീളാ പ്രകാശ് അധികൃതർക്ക് നിവേദനം നൽകി.