c
കൊല്ലം ജില്ലാ ആശുപത്രിക്ക് മുന്നിൽ അക്രമികൾ അടിച്ചുതകർത്തു തട്ടുകട

കൊല്ലം: ജില്ലാ ആശുപത്രിക്ക് എതിർവശത്ത് വഴിയോരക്കച്ചവടം നടത്തുന്ന സ്ത്രീയെയും ഭർത്താവിനെയും ജീവനക്കാരനെയും അമ്പതോളം പേരടങ്ങുന്ന സംഘം ആക്രമിച്ചു. ജില്ലാ ആശുപത്രിക്ക് സമീപം പൈവേലി പുരയിടത്തിൽ ബിന്ദു (46), ഭർത്താവ് മാർട്ടിൻ, ജീവനക്കാരനായ അനി എന്നിവരാണ് ആക്രമണത്തിനിരയായത്. ഇവരുടെ ഉന്തുവണ്ടിയും അടിച്ചുതകർത്തു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ബിന്ദു കച്ചവടം നടത്തിയിരുന്ന സ്ഥലത്ത് നേരത്തേ വ്യാപാരം നടത്തിയിരുന്നയാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം അഴിച്ചുവിട്ടത്. ബിന്ദു നേരത്തേ ജില്ലാ ആശുപത്രിയുടെ മതിൽക്കെട്ടിന് പുറത്ത് കച്ചവടം നടത്തിയിരുന്നു. മതിൽക്കെട്ടിനകത്ത് ഓക്സിജൻ പ്ലാന്റ് വന്നതിനാൽ തൊട്ടടുത്തുള്ള ബിന്ദു അടക്കമുള്ള കച്ചവടക്കാരെ ഒന്നരമാസം മുൻപ് മാറ്റിയിരുന്നു. അനുമതിയില്ലാത്ത കച്ചവടക്കാരെ പൂർണമായും ഒഴിപ്പിച്ചെങ്കിലും ബിന്ദുവിന് സ്ഥലത്ത് കച്ചവടം നടത്താൻ ഹൈക്കോടതിയുടെ അനുമതിയുള്ളതിനാൽ ആശുപത്രിയുടെ എതിർവശത്ത് സ്ഥലം അനുവദിക്കുകയായിരുന്നു. ഒന്നരമാസം മുൻപ് ആശുപത്രിയുടെ എതിർവശത്തുള്ള അനധികൃത കച്ചവടക്കാരെയും ഒഴിപ്പിച്ചു. ഇക്കൂട്ടത്തിലുള്ളയാളാണ് സുഹൃത്തുക്കളുമായെത്തി പ്രശ്നമുണ്ടാക്കിയത്. ഉന്തുവണ്ടിക്ക് പുറമേ ഗ്ലാസ് പെട്ടി, ഗ്യാസ് അടുപ്പ്, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയും പൂർണമായും നശിപ്പിച്ചു. സ്ഥലത്തെത്തിയ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാർക്ക് നേരെയും അക്രമിസംഘം തട്ടിക്കയറി. ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.