കുണ്ടറ: കോർപ്പറേറ്റുകൾക്ക് ഭക്ഷ്യ ധാന്യം പൂഴ്ത്തിവയ്ക്കാൻ നിയമപരിരക്ഷ നൽകിയ സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് മന്ത്രി ജെ.മേഴ്‌സികുട്ടിഅമ്മ പറഞ്ഞു. ജില്ലയിലെ 1,013 ഓഫീസകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ധാന്യങ്ങൾ പൂഴ്ത്തിവയ്ക്കാൻ ഒരു വിഭാഗത്തിന് അനുവാദം കൊടുത്താൽ അത് ജനങ്ങളെയും കർഷകരെയും എങ്ങനെ രക്ഷിക്കുമെന്ന് മന്ത്രി ചോദിച്ചു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജയദേവി മോഹൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ദിനേശ്, ജില്ലാ പാഞ്ചായത്തംഗം ബി. ജയന്തി, ഷില കുമാരി, അനിൽകുമാർ എന്നിവർ സംസാരിച്ചു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പ്രഖ്യാപനം പ്രസിഡന്റ് ആമിന ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജഗോപാൻ അദ്ധ്യക്ഷയായി. കുണ്ടറ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് അംഗം സി.ബാൾഡുവിൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി തോമസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആർ. ഓമനക്കുട്ടൻ പിള്ള സ്വാഗതവും സെക്രട്ടറി ഷംന നന്ദിയും പറഞ്ഞു.