ambulance

 എന്തെന്നറിയാതെ നാലു വയസുകാരി ആരുഷി

ചാത്തന്നൂർ: ഒന്നരയോടെ രാഹുകാലം അവസാനിക്കുമെന്നും അധികം വൈകാതെ മൃതദേഹങ്ങൾ ചിറക്കരയിലേയ്ക്ക് കൊണ്ടുവരുമെന്നും ചിറക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.ആർ. ദിപു അറിയിച്ചതനുസരിച്ച് ഉച്ചയ്ക്ക് ഒന്നോടെ തന്നെ മരണവീടുകളിൽ നാട്ടുകാർ തിങ്ങിക്കൂടിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ആരും മതിൽക്കെട്ടിനുള്ളിലേയ്ക്ക് കയറിയില്ലെന്നേയുള്ളു.

2.40 ഓടെ ആംബുലസിന്റെ ഒച്ചകേട്ടു. ഏത് വീട്ടിലേക്കാണ് ചേതനയറ്റ ശരീരം എത്തുന്നതെന്ന് വേദന നിറഞ്ഞ ആകാംക്ഷയോടെ ചിറക്കര ജംഗ്‌ഷനിൽ നാട്ടുകാർ കാത്തുനിന്നു. രണ്ടേമുക്കാലോടെ ഇടവട്ടം രാജേഷ് ഭവന്റെ മുറ്റത്തേയ്ക്ക് ആ ശവമഞ്ചമെത്തി.
ചൊവ്വാഴ്ച വൈകിട്ട് ഒരുങ്ങി യാത്രപോയയാൾ ചേതനയറ്റ്... കരഞ്ഞുവിളിച്ച് രാജീവിന്റെ വിധവ സൂര്യ പുറത്തേയ്ക്ക് ഓടിയിറങ്ങി. കൂടിനിന്നിരുന്ന ബന്ധുക്കൾ ഒരുവിധത്തിലാണ് പിടിച്ചുനിറുത്തുന്നത്. എന്താണ് സംഭവിച്ചതെന്നറിയാതെ നാലു വയസുകാരി ആരുഷി. ഇതോടെ അതുവരെ അടക്കിപ്പിടിച്ച തേങ്ങലുകൾ ചിറക്കര ഇടവട്ടം ഗ്രാമമാകെ അണപൊട്ടി...
ജി.എസ്. ജയലാൽ എം.എൽ.എ, ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, പഞ്ചായത്ത് അംഗങ്ങളും പൊതുപ്രവർത്തകരുമായ ജയകുമാർ, വിനിത ദിപു, ടി.ആർ. സജില, സുചിത്ര, സുബി പരമേശ്വരൻ, ശർമ, മനോജ് ചിറക്കര, അനിൽ പോളച്ചിറ തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ചിറക്കര ഭഗവതി ക്ഷേത്രം ഉള്ളിലാക്കി ഒരു പഞ്ചഭുജം വരച്ചാൽ കോണുകളാകുംവണ്ണം അഞ്ചുവീടുകളാണ് ഇന്നലെ കണ്ണീരിൽ മുങ്ങിയത്.