photo
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം

കൊല്ലം: കൊട്ടാരക്കരയിലെ വിദ്യാഭ്യാസ ഓഫീസുകൾ ഇനി ഒരുകുടക്കീഴിൽ. വിദ്യാഭ്യാസ ഓഫീസ് സമുച്ചയം നിർമ്മിക്കാൻ പദ്ധതി തയ്യാറായി. നിലവിൽ കച്ചേരിമുക്കിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസും അനുബന്ധ കെട്ടിടങ്ങളും പ്രവർത്തിക്കുന്നിടത്താണ് വിദ്യാഭ്യാസ ഓഫീസ് സമുച്ചയം നിർമ്മിക്കുക. പദ്ധതിയ്ക്കായി സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചു. അഞ്ചുകോടി രൂപ അടങ്കൽ കണക്കാക്കുന്ന പദ്ധതിയാണ് നടപ്പാക്കുക. അടങ്കൽ തുകയ്ക്ക് ആനുപാതികമായി എസ്റ്റിമേറ്റ് തയ്യാറാക്കി തുടർ നടപടികൾക്കായി സമർപ്പിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപായി ഭരണാനുമതി ലഭിക്കുകയും മറ്റ് സാങ്കേതിക തടസങ്ങളും മാറുകയും ചെയ്താൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാം. എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാകില്ലെന്നാണ് സൂചന. പഴയ കെട്ടിടങ്ങൾ പൊളിയ്ക്കുന്നതിനാണ് സാങ്കേതിക തടസങ്ങളുള്ളത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എം.എൽ.എ നിർദ്ദേശിച്ചിട്ടുണ്ട്.

ഓഫീസുകൾ ഒരു കുടക്കീഴിൽ

കൊട്ടാരക്കരയിലെ വിവിധ വിദ്യാഭ്യാസ ഓഫീസുകൾ ഒരുമിപ്പിക്കുകയാണ് ഓഫീസ് സമുച്ചയത്തിന്റെ ലക്ഷ്യം. ഡി.ഇ.ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം(ഡയറ്റ്), പാഠപുസ്തക വിതരണ ഡിപ്പോ എന്നിവ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം സമുച്ചയത്തിലുണ്ടാകും. നിലവിൽ പഴക്കം ചെന്ന കെട്ടിടങ്ങളിലാണ് ഇവയുടെ പ്രവർത്തനം. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മുൻപ് തീർത്തും ശോചനീയ സ്ഥിതിയിലായിരുന്നു. കെട്ടിടം ബലപ്പെടുത്താതെതന്നെ പെയിന്റിംഗ് നടത്തി സൗന്ദര്യ വത്കരണത്തോടെ ഇവിടെ പ്രവർത്തിപ്പിച്ചുവരികയാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസ് അര നൂറ്റാണ്ടായി ഓടിട്ട പഴയ കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. അസൗകര്യങ്ങളുടെ നടുവിലാണ് ഈ ഓഫീസിന്റെ പ്രവർത്തനം. പാഠപുസ്തക വിതരണ ഡിപ്പോകളും അനുബന്ധ പ്രവർത്തനങ്ങൾക്കുള്ള കെട്ടിടങ്ങളും ശോചനീയാവസ്ഥയിലാണ്. ഇവയെല്ലാം പൊളിച്ചുനീക്കി പുതിയ ഓഫീസ് സമുച്ചയം നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. കൊല്ലം- തിരുമംഗലം ദേശീയപാതയ്ക്ക് അഭിമുഖമായിട്ടാകും കെട്ടിടം നിർമ്മിക്കുക.

ഹൈടെക് കെട്ടിടമൊരുക്കും : പി.ഐഷാപോറ്റി എം.എൽ.എ

വിദ്യാഭ്യാസ ഓഫീസുകളെ ഒരു കുടക്കീഴിലെത്തിയ്ക്കുകയാണ് ലക്ഷ്യം. ഒരുപാട് പരിമിതികൾക്കുള്ളിലാണ് ഇപ്പോൾ മിക്ക ഓഫീസുകളും പ്രവർത്തിക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചപ്പോഴും വിദ്യാഭ്യാസ ഓഫീസുകളെ അവിടേക്ക് മാറ്റിയില്ല.. ഇനി ഹൈടെക് സംവിധാനമുള്ള കെട്ടിട സമുച്ചയം നിർമ്മിക്കാനാണ് തീരുമാനം. പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിന് നടപടിക്രമങ്ങൾ വൈകും. പരമാവധി നേരത്തെ നിർമ്മാണം തുടങ്ങാനാണ് ആലോചിക്കുന്നത്.