mardanam

കൊല്ലം: ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു. കൊട്ടിയം മൈലാപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഷംനാദാണ് (21) ആക്രമണത്തിന് ഇരയായത്. ബൈക്ക് മോഷണ കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടിയിട്ടും ദൃശ്യങ്ങൾ വൈറലായതിനാൽ പുറത്തിറങ്ങനാകാതെ വിഷമിക്കുകയാണ് ഷംനാദ്.

കഴിഞ്ഞ 24ന് ഉച്ചക്ക് രണ്ടരയോടെ മൈലക്കാട്-കണ്ണനല്ലൂർ റോഡിലായിരുന്നു സംഭവം. കുതിര പരിശീലകനായ ഷംനാദ് ചാത്തന്നൂരിൽ നിന്ന് മൈലക്കാട് എത്തിയ ശേഷം അതുവഴി വന്ന ഒരു ബൈക്കിന് കൈ കാണിച്ച് അതിൽ കയറി വീട്ടിലേക്ക് പോകും വഴിയാണ് മർദ്ദനമേറ്റത്. ഷംനാദ് കയറിയ ബൈക്ക് പാരിപ്പള്ളിയിലെ ഒരു വർക്ക്ഷോപ്പിൽ നിന്ന് മോഷണം പോയതായിരുന്നു.

ബൈക്ക് ഉടമ കാറിൽ പോകവെയാണ് മോഷണം പോയ ബൈക്ക് തഴുത്തല റോഡിലൂടെ പോകുന്നത് കണ്ടത്. തുടർന്ന് ബൈക്ക് പിന്തുടർന്ന് പിടികൂടിയെങ്കിലും ഓടിച്ചിരുന്നയാൾ രക്ഷപ്പെട്ടു. സംഭവം എന്തെന്നറിയാതെ നിന്ന ഷംനാദിന് മർദ്ദനമേൽക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ നിരപരാധിയെന്ന് കണ്ട് ഷംനാദിനെ വിട്ടയച്ചു.

തന്നെ മർദ്ദിക്കുകയും സമൂഹമാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഷംനാദ് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണറുടെ നിർദ്ദേശ പ്രകാരം ചാത്തന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.