പുനലൂർ: ഇടമണിൽ പുതിയതായി പണി കഴിപ്പിച്ച ഹൈടെക് വില്ലേജ് ഓഫീസ് മന്ദിരം ഇന്ന് നാടിന് സമർപ്പിക്കും. ഇന്ന് വൈകിട്ട് 3ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നേരിട്ടെത്തിയാണ് പുതിയ കെട്ടിടം നാടിന് സമർപ്പിക്കുന്നതെന്ന് തഹസീൽദാർ കെ.സുരേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഹൈടെക് ഓഫീസ് മന്ദിരം നാടിന് സമർപ്പിക്കുന്നതോടെ പ്രദേശവാസികളുടെ കാൽ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ഫലമുണ്ടാകും.
ചോർന്നൊലിച്ച് കിടന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെ സംബന്ധിച്ച് കേരളകൗമുദി പത്രം നിരവധി തവണ വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ.രാജു റവന്യൂ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പുതിയ കെട്ടിടം പണിയാൻ 44 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
ദുരിതത്തിൽ നിന്ന്
വില്ലേജ് ഓഫീസർ അടക്കമുളള ജീവനക്കാരും ഓഫീസിലെത്തുന്ന ജനങ്ങളും ഇടിഞ്ഞ് വീഴാറായ പഴയ വില്ലേജ് ഓഫീസിൽ ഭീതിയോടെയാണ് ഓരോ ദിവസവും തള്ളി നീക്കിയിരുന്നത്. ചെറുകടവ്, ചാലിയക്കര, ചെറുതന്നൂർ, ഉപ്പുകുഴി, വെളളിമല,തോണിച്ചാൽ, ആനപെട്ടകോങ്കൽ, ചിറ്റാലംകോട്, ഉദയഗിരി, 17-ാംബ്ലോക്ക്, ആന്നൂർ, തേവർകുന്ന്, ഇടമൺ-34, തേക്കുംകൂപ്പ്, ആറ്റ് കടവ് തുടങ്ങിയ പ്രദേശങ്ങളിലെ 10,000ത്തോളം കുടുംബങ്ങളാണ് ഇടമൺ വില്ലേജ് ഓഫീസിൽ ഇടപാടുകൾക്ക് എത്തുന്നത്. ഇവർക്ക് ഇരുന്ന് വിശ്രമിക്കാനോ, പ്രാഥമിക സൗകര്യങ്ങൾക്കൊ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നത് പതിവ് സംഭവമായിരുന്നു.
വിപുലമായ സംവിധാനങ്ങളോടെ
ഇന്ന് നാടിന് സമർപ്പിക്കുന്ന ഹൈടെക് വില്ലേജ് ഓഫീസ് മന്ദിരത്തിനുള്ളിൽ ഓഫീസറുടെ മുറി, ജീവനക്കാർക്കും ഇടപാടുകൾക്കെത്തുന്നവർക്കും വിശ്രമിക്കാൻ പ്രത്യേക സൗകര്യം, ശുദ്ധജലം, പൂന്തോട്ടം, കാർ പാർക്കിംഗ് ഏരിയ തുടങ്ങിയ വിപുലമായ സംവിധാനങ്ങളാണ് പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുള്ളത്.മന്ത്രി കെ.രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമർപ്പണ ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയാകും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ, വാർഡ് അംഗം വിജയശ്രീ ബാബു,പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാർ തുടങ്ങിയവർ സംസാരിക്കും.എ.ഡി.എം.പി.ആർ.ഗോപാലകൃഷ്ണൻ റിപ്പോർട്ടും ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ സ്വാഗതവും വില്ലേജ് ഓഫീസർ ജോസഫ് കാർഡോസ് നന്ദിയും പറയും.തഹസീൽദാർ(എൽ-ആർ)ബിജു രാജ്, ഡെപ്യൂട്ടി തഹസിൽദാർ ടി.രാജേന്ദ്രൻ പിള്ള എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.