ഓയൂർ: വിലങ്ങറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ കാവടിയാട്ടം ഇന്ന് ആചാരങ്ങളും ചടങ്ങുകളും മാത്രമായി നടത്തും. വലിയ ഘോഷയാത്രയില്ലാതെ സ്വർണ, പഞ്ചലോഹ കാവടികൾ എഴുന്നള്ളിക്കും.പുലർച്ചെ നാലിന് പനിനീർകാവടിയോടെ ചടങ്ങുകൾ തുടങ്ങും. ഏഴിന് ഇളനീർകാവടിയും അഭിഷേകവും.9.30 മുതൽ പഞ്ചാമൃതം, പാൽ, തേൻ അഭിഷേകങ്ങൾ. 12-ന് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽനിന്ന് സ്വർണക്കാവടിയും ആയിരവില്ലിക്ഷേത്രത്തിൽനിന്ന് പഞ്ചലോഹക്കാവടിയും എഴുന്നള്ളിക്കും. വൈകീട്ട് ആറരയ്ക്ക് ഇണ്ടിളയപ്പൻസ്വാമിക്ഷേത്രത്തിൽനിന്നു ഭസ്മക്കാവടി.എഴുന്നള്ളത്ത്, രാത്രി 7.30-ന് ഭസ്മാഭിഷേകവും പുഷ്പാഭിഷേകവും. കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് കാവടി എഴുന്നള്ളത്തിൽ വിവിധ കരകളെയും ക്ഷേത്രങ്ങളെയും പ്രതിനിധാനംചെയ്ത് അഞ്ചുസ്വാമിമാരെ വീതമാണ് പങ്കെടുപ്പിക്കുന്നത്.
ഇന്നലെ ശ്രീകോവിലിനു മുന്നിൽ ഒരുക്കിയ മണ്ഡപത്തിൽ പീലികാവടി പൂജ നടന്നു.കീഴ്ശാന്തി നാരായണൻ നമ്പുതിരി അഭിഷേകത്തിനുള്ള ദ്രവ്യങ്ങൾ കാവടിയിൽ നിറച്ച് സ്വാമിമാർക്ക് കൈമാറി. ദേവസ്വം പ്രധിനിധികളായ വടയാറ്റൂർ രാധാകൃഷ്ണൻ, കെ. ഹരികുമാർ, ആർ. ബാലകൃഷ്ണപിള്ള, ആർ.ശശിധരനാചാരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.