പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിലെ ആറ് സർക്കാർ സ്ഥാപനങ്ങൾക്ക് ഹരിത ചട്ടം അനുസരിച്ചുള്ള പദവി ലഭിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സുദീപ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാന്തിനി അദ്ധ്യക്ഷത വഹിച്ചു. പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം, ഗവ. എൽ.പി.എസ് കല്ലുവാതുക്കൽ, കെ.പി.എച്ച്.എസ് കല്ലുവാതുക്കൽ എന്നിവയ്ക്ക് എ ഗേഡും ഗവ. ഹോമിയോ ഡിസ്‌പെൻസറിക്ക് ബി ഗ്രേഡും കല്ലുവാതുക്കൽ വില്ലേജ് ഓഫീസ്, ഗവ. ആയുർവേദ ആശുപത്രി എന്നിവയ്ക്ക് സി ഗ്രേഡും ലഭിച്ചു. ചടങ്ങിൽ കല്ലുവാതുക്കൽ പഞ്ചായത്തിന് ലഭിച്ച ഹരിത പദവിയുടെ രേഖകൾ പഞ്ചായത്ത് പ്രസിഡന്റ് സുദീപ അസി. സെക്രട്ടറി സിന്ധുവിന് കൈമാറി. ഹരിത കർമ്മസേന ശേഖരിച്ച് കയറ്റി അയച്ച പ്ലാസ്റ്റിക് വില്പനയിലൂടെ ലഭിച്ച തുകയുടെ ചെക്ക് പ്രസിഡന്റ് സുദീപയിൽ നിന്ന് കർമ്മസേനാ ഭാരവാഹികളായ ഷീജ, സുമിത് എന്നിവർ ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മൺ സ്വാഗതം പറഞ്ഞു.