കൊട്ടാരക്കര: ചിരട്ടക്കോണത്ത് പുൽമേട്ടിൽ വൻ തീപിടിത്തം. തിരുവനന്തപുരം ,പട്ടം മേജർ ആർച്ച് ബിഷപ്പ് ഡയോസിസിന്റെ ഉടമസ്ഥതയിലുള്ള ചിരട്ടക്കോണം സെന്റ് മേരീസ് ചർച്ചിനോട് ചേർന്നുള്ള 28 ഏക്കർ സ്ഥലത്തെ അഞ്ചേക്കറോളം വരുന്ന പുൽക്കാടിനാണ് ഇന്നലെ വൈകിട്ട് 5 മണിയോടെ തീ പിടിച്ചത്.കൊട്ടാരക്കര നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂറോളം പാടുപെട്ടാണ് തീ നിയന്ത്രിച്ചത് കുറ്റിക്കാടും മരക്കൂട്ടവും മൂലം ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് തീ പടർന്നു പിടിച്ച സ്ഥലത്ത് എത്തിച്ചേരാൻ സാധിച്ചില്ല.യൂണിറ്റ് അംഗങ്ങൾ ഫയർ ബീറ്റർ ഉപയോഗിച്ചും ജെ.സി.ബിയുടെ സഹായത്താലും ഫയർ ലൈൻ തെളിച്ചാണ് തീ അണച്ചത്. ഉണക്കപ്പുല്ലിന് തീ പർന്നു പിടിക്കാതിരിക്കാൻ ഫയർ ഫോഴ്സ് സേനാംഗങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.ഫയർഫോഴ്സിനൊപ്പം നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി.ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ എസ്.അനിൽകുമാർ, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.കെ.രാമൻകുട്ടി, സി.രമേശ്കുമാർ, ജെ.ഷൈൻ, ഷിബു വി. നായർ, അജിത്, ഷിജു ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് തീ നിയന്ത്രിച്ചത്.