ddd

കൊല്ലം: അഗ്നിബാധയിൽ ഗോപുരനട കത്തിനശിച്ച മുളങ്കാടകം ദേവക്ഷേത്രത്തിലെ 2 വഞ്ചികൾ തല്ലിപ്പൊളിച്ച് മോഷണം. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാകാം സംഭവമെന്ന് കരുതുന്നു. എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമല്ല. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ക്ഷേത്രത്തിൽ ചുറ്റമ്പലത്തിന് അകത്തായി നാലമ്പലമുണ്ട്. നാലമ്പലത്തിനകത്താണ് ശ്രീകോവിൽ. ക്ഷേത്രത്തിന് പുറത്ത് കത്തിനശിച്ച ഗോപുരനടയുടെ ഭാഗത്തെ ഇരുമ്പ് തൂൺ വഴിയാണ് മോഷ്ടാവ് മുകളിലേക്ക് കയറിയത്. തുടർന്ന് ചുറ്റമ്പലത്തെയും നാലമ്പലത്തെയും ബന്ധിപ്പിക്കുന്ന ഭാഗംവഴി ചുറ്റമ്പലത്തിനുള്ളിലേക്ക് ഇറങ്ങിയെന്നാണ് കരുതുന്നത്. നാലമ്പലത്തിന്റെയും ചുറ്റമ്പലത്തിന്റെയും മേൽക്കൂരകൾ ബന്ധിക്കുന്ന ഭാഗത്ത് ഓടുകൾ തകർന്ന നിലയിലാണ്. ഇതിനടുത്തായുള്ള നാലമ്പലത്തിന്റെ വാതിലുകളിലൊന്ന് കുത്തിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശ്രമം പരാജയപ്പെട്ടതോടെ മേൽക്കൂരയിലൂടെ നടന്ന് നാലമ്പലത്തിനുള്ളിൽ ഇറങ്ങിയെന്നാണ് നിഗമനം.

ശ്രീകോവിലിന് സമീപത്തെയും ഉപദേവാലയത്തിന് മുന്നിലെയും വഞ്ചികളാണ് ചുറ്റിക ഉപയോഗിച്ച് തകർത്തത്. നാലമ്പലത്തിനുള്ളിൽ കടന്ന മോഷ്ടാവ് ആദ്യം ഗ്ലാസ് കൊണ്ട് നിർമ്മിച്ച ഓഫീസ് മുറി തള്ളിത്തുറന്ന് അകത്തുകയറി. അവിടത്തെ സി.സി ടി.വി കാമറകൾ നശിപ്പിച്ച ശേഷമാണ് വഞ്ചികൾ തകർത്തത്. രണ്ടുമണി വരെയുള്ള ദൃശ്യങ്ങൾ കാമറയുടെ സെർവറിലുണ്ട്. അതുകൊണ്ട് രണ്ട് മണിക്ക് ശേഷമാകും മോഷണം നടന്നതെന്ന് കരുതുന്നു. പുലർച്ചെ മൂന്ന് മണിയോടെ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനാണ് വഞ്ചികൾ തല്ലിപ്പൊളിച്ചിട്ടിരിക്കുന്നത് ആദ്യം കണ്ടത്. രാത്രി മോഷണം നടക്കുമ്പോൾ മറ്റൊരു ഓഫീസ് മുറിയിൽ അദ്ദേഹം വിശ്രമിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പട്രോളിംഗ് സംഘം ക്ഷേത്രത്തിന് മുന്നിലെത്തിയിരുന്നു. ഇതിന് ശേഷമാകും മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു. രാത്രി ഒന്നരയ്ക്ക് ശേഷം പാന്റ്സും ഷർട്ടും ധരിച്ച ഒരാൾ മൈതാനം വഴി ക്ഷേത്രത്തിന് സമീപത്തേക്ക് പോകുന്ന ദൃശ്യം തൊട്ടടുത്തുള്ള കെട്ടിടത്തിലെ സി.സി ടി.വി കാമറയിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈമാസം 23ന് രാത്രിയാണ് ക്ഷേത്രത്തിന്റെ ഗോപുരനട കത്തിനശിച്ചത്.