vellappalli-natesan

എൻ. കുമാരൻ ബി.എ. , ബി.എൽ യോഗം ജനറൽ സെക്രട്ടറിയും ടി.കെ. മാധവൻ സംഘടനാ സെക്രട്ടറിയുമായിരിക്കെ കൊല്ലവർഷം 1102 മകരം 17ന് ഗുരുദേവന്റെ സാന്നിദ്ധ്യത്തിൽ ശിവഗിരിയിൽ ഒരു മഹായോഗം ചേർന്നു. എസ്.എൻ.ഡി.പി യോഗത്തിൽ കൂടുതൽ അംഗങ്ങളെ ചേർത്ത് പ്രവർത്തനവും പ്രക്ഷോഭങ്ങളും ശക്തമാക്കുകയായിരുന്നു ലക്ഷ്യം. കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ജാതകം തിരുത്തിയെഴുതിയ 'സംഘടന കൊണ്ട് ശക്തരാകുവിൻ' എന്ന മഹാസന്ദേശം ആ യോഗത്തിൽ വച്ചാണ് ഗുരുദേവൻ നൽകിയത്. ആ ഗുരുവരുളിന് ഇന്ന് 94 വയസ് തികയുകയാണ്. അന്ന് മാത്രമല്ല, ഇന്നും ഇനിയും എവിടെയും പ്രസക്തിയുള്ള ഈ ഗുരുസന്ദേശത്തെക്കുറിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംസാരിക്കുന്നു.

സംഘടിച്ച് ശക്തരാകുക എന്ന സന്ദേശമുണ്ടാക്കിയ ചലനങ്ങൾ?

അവർണനെ മനുഷ്യരായിപ്പോലും കാണാത്ത അവസ്ഥയിൽ നിന്നും ഇന്ന് കാണുന്ന തരത്തിൽ കേരളത്തെ മാറ്റിമറിച്ചത് സംഘടന കൊണ്ട് ശക്തരാകുവിൻ എന്ന ഗുരുദേവ ആഹ്വാനമാണ്. സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും അവഗണിക്കപ്പെട്ട അവശലക്ഷങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനാണ് ഗുരുദേവൻ ഇങ്ങനെ അരുൾ ചെയ്തത്. ഈ സന്ദേശം ഹൃദയത്തിൽ പ്രതിഷ്ഠിച്ച് എത്രമാത്രം മുന്നേറാൻ കഴിഞ്ഞുവെന്ന് പുനർചിന്തനം നടത്തേണ്ട കാലമാണ്. ഈ സന്ദേശത്തിന്റെ പ്രസക്തി മനസിലാക്കി ഒരുമിച്ച് മുന്നേറിയ ഒരു കാലമുണ്ടായിരുന്നു. നിവർത്തന പ്രക്ഷോഭം, ക്ഷേത്രപ്രവേശന സമരം ഇവയെല്ലാം നടന്നത് സംഘടിതമായാണ്. നിരന്തര പോരാട്ടത്തിലൂടെയാണ് പ്രജാസഭയിൽ ഈഴവന് പ്രാതിനിദ്ധ്യം ലഭിച്ചത്. പിന്നാക്കക്കാരന് വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും അവസരവും സംവരണവും ലഭിച്ചത് സംഘടിത സമരങ്ങളിലൂടെയാണ്. കേരള ചരിത്രത്തിൽ ത്യാഗസുരഭിലമായ ഒരു അദ്ധ്യായത്തിനാണ് ഗുരുദേവന്റെ ഈ ആഹ്വാനം വഴിതെളിച്ചത്.

ഈ സന്ദേശത്തിന്റെ ഇന്നത്തെ പ്രസക്തി?

ജനാധിപത്യത്തിൽ ഈഴവർക്ക് ഇന്ന് എന്ത് പ്രാതിനിദ്ധ്യം ?. പണ്ട് യോഗത്തിന്റെ കൗൺസിൽ കൂടുന്നുവെന്ന് കേൾക്കുമ്പോൾ സി.പിയുടെ ആളുകൾ ചാരന്മാരെ അയയ്ക്കുമായിരുന്നു. ഇന്ന് യോഗത്തിനെ തകർക്കാനും തളർത്താനും ഭിന്നിപ്പിക്കാനും രാഷ്ട്രീയ ശക്തികളും കുലംകുത്തികളും ശ്രമിക്കുമ്പോൾ പണ്ടത്തെ ശക്തിയുണ്ടോയെന്ന് ചോദിച്ചാൽ, പോര എന്നാണ് ഉത്തരം.

മറ്റ് സമുദായങ്ങൾ എവിടെയത്തി?.

അധികാരത്തിലുള്ള പങ്കാളിത്തമാണ് പ്രധാനമായും വേണ്ടത്. ജനസംഖ്യാനുപാതികമായ പങ്കാളിത്തം പിന്നാക്കാരനും ലഭിക്കണം. പണ്ട് പ്രജാസഭയിൽ ഉണ്ടായിരുന്ന പ്രാതിനിദ്ധ്യം പോലും ജനാധിപത്യം നിലവിൽ വന്നതിന് ശേഷം ലഭിക്കുന്നില്ല. ആർ. ശങ്കർ ഉണ്ടായിരുന്നപ്പോൾ സ്കൂളും കോളേജുകളും ലഭിച്ചു. അത് അധികാരമുണ്ടായത് കൊണ്ടാണ്. മുസ്ലീം സമുദായം ഒരുപാട് അവശതയും ദുരിതവും അനുഭവിച്ചവരാണ്. അവരിപ്പോൾ സംഘടിച്ച് ശക്തരായി. നെഹ്റു ചത്തകുതിരയെന്ന് പറഞ്ഞ ലീഗ് ഇന്ന് പടക്കുതിരയായി. കേരള കോൺഗ്രസിന്റെ ജനകീയ അടിത്തറ ഒറ്റ സമുദായമാണ്. എസ്.എൻ.ഡി.പി യോഗത്തിന്റേത് ഈഴവരാണ്. നമ്മൾ ജാതീയമായി സംഘടിച്ച് വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് പോയില്ല. മറ്റുള്ളവരെല്ലാം രാഷ്ട്രീയ പാർട്ടിയുണ്ടാക്കി സാമുദായിക ശക്തി സമാഹരിച്ചു.

ഇപ്പോഴത്തെ പ്രശ്നങ്ങളെ എങ്ങനെയാണ് മറികടക്കുക ?

സാമൂഹിക ശക്തി സമാഹരണത്തിലൂടെ മാത്രമേ സാമൂഹ്യനീതി ലഭിക്കൂ. അധികാരത്തിലിരുന്നാൽ അർഹതപ്പെട്ടത് ലഭിക്കും. ലീഗ് അവർക്ക് ആവശ്യമായ തരത്തിൽ നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതി ആവശ്യമുള്ളതെല്ലാം എഴുതിയെടുത്തു. നമുക്ക് വേണ്ടി വാദിക്കാൻ ഭരണത്തിൽ ആരുണ്ട് ? തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സംവരണവിഷയം വന്നപ്പോൾ എൻ.എസ്.എസ് എഴുതിക്കൊടുത്തത് പോലെ സംവരണം പാസാക്കി. 94 ശതമാനം മുന്നാക്കക്കാർ ജോലി ചെയ്യുന്ന ദേവസ്വം ബോർഡിൽ വീണ്ടും പത്ത് ശതമാനം പാവപ്പെട്ടവരെന്ന് പറഞ്ഞ് അവർക്ക് വീണ്ടും സംവരണം നൽകി. അവർ പറയുമ്പോൾ ഏത് മുന്നണിയും കാര്യങ്ങൾ സാധിച്ച് കൊടുക്കും. ജനസംഖ്യാനുപാതികമായ രാഷ്ട്രീയ, സാമൂഹ്യ വിദ്യാഭ്യാസ നീതി പങ്കിടാൻ രാഷ്ട്രീയ പാർട്ടികൾ നിർബന്ധിതരാകുന്ന രാഷ്ട്രീയ കാലാവസ്ഥ കേരളത്തിലും രാജ്യത്തും ഉണ്ടാകണം. ശരീരത്തിൽ തല മാത്രം വളർന്നാൽ പോര. തലയ്ക്കനുസൃതമായി കൈയും കാലുമെല്ലാം വളരണം. ഇവിടെ അങ്ങനെയല്ല. വടക്ക് മുസ്ലീം ആധിപത്യം. കിഴക്ക് കോട്ടയം, ഇടുക്കി മേഖലയിൽ ക്രിസ്ത്യൻ ആധിപത്യം. മദ്ധ്യമേഖലയിൽ സവർണർ. ഇത് ചാതുർവർണ്യത്തിന്റെ മറ്റൊരു രൂപമാണ്. നമ്മളെ ആരും പരിഗണിക്കുന്നില്ല. മറ്റുള്ളവരെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. ഒന്നാകാൻ ഈഴവർ ശ്രമിക്കണം. സംഘടന നശിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം.

നമ്മൾ പിടിച്ചു വാങ്ങേണ്ടത് എന്തൊക്കെയാണ് ?

ഭരണത്തിലുള്ള പങ്കാളിത്തം. നമ്മുടെ ആളുകൾ ഭരണത്തിലെത്തിയാലേ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ. 'എന്റെ സമുദായത്തിന് അവകാശപ്പെട്ടത് ഞാൻ എടുക്കുന്നു. മറ്റുള്ളവർക്ക് അവകാശപ്പെട്ടത് കൊടുത്തു.' എന്നാണ് ശങ്കർ പറഞ്ഞത്. മറ്റുള്ളവർ വന്നപ്പോൾ അവർക്ക് ആവശ്യമുള്ളത് എടുത്തു. നമുക്ക് ഒന്നും കിട്ടിയില്ല. ഇപ്പോൾ ലൈഫ് പദ്ധതിയിൽ വീടിനായി നെട്ടോട്ടമോടുന്നത് ഈഴവരും പട്ടികജാതിക്കാരുമാണ്. ഈഴവ സമുദായത്തിലെ വലിയൊരു വിഭാഗം ഭൂരഹിതവും ഭവനരഹിതരും പട്ടിണിപ്പാവങ്ങളുമാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ അവരുടെ വേദനകളും സങ്കടങ്ങളും അറിയുന്ന ഭരണകൂടമുണ്ടാകണം.

രാഷ്ട്രീയത്തിൽ പഴയ ചാതുർവണ്യത്തിന്റെ പുതിയ രൂപമുണ്ടോ ?

ജാതി വിവേചനമാണ് ജാതിചിന്ത ഉണ്ടാക്കുന്നത്. ജാതിചിന്ത ഒഴിവാക്കാൻ വിവേചനമില്ലാതെ സാമൂഹ്യനീതി നടപ്പാക്കാൻ രാഷ്ട്രീയക്കാർ തയ്യാറാകണം. ഈഴവർ കൂടുതലുള്ള മേഖലയിൽ പോലും ഈ വിഭാഗക്കാരെ സ്ഥാനാർത്ഥിയാക്കില്ല. പകരം സംഘടിതമായി നിൽക്കുന്ന മുസ്ലീംങ്ങളെയും ക്രിസ്ത്യാനികളെയും സ്ഥാനാർത്ഥിയാക്കും. പട്ടികജാതിക്കാർക്ക് സംവരണം ഉണ്ടായത് കൊണ്ടാണ് അവരിൽ നിന്നും പത്തുപേർ നിയമസഭയിലെത്തുന്നത്. ഇപ്പോൾ ഈഴവ പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ സംവരണം ഏർപ്പെടുത്തേണ്ട അവസ്ഥയാണ്. കേരളത്തിൽ ജനാധിപത്യം മരിച്ചു. പകരം മതാധിപത്യം തഴച്ചുവളരുന്നു. ന്യൂനപക്ഷ ആനുകൂല്യങ്ങൾ പങ്കിടുന്നതിനെച്ചൊല്ലി കേരളത്തിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരു വശത്ത് കലഹിക്കുന്നു. മറുവശത്ത് മുസ്ലീം ലീഗ് നേതാവ് ബിഷപ്പുമാരുടെ അരമനകളിൽ കയറിയിറങ്ങുന്ന ദയനീയ കാഴ്ചയും നമ്മൾ കാണുന്നു

രാഷ്ട്രീയ അധികാരമില്ലാതെ എങ്ങനെയാണ് ഇത്ര വലിയ മുന്നേറ്റം ഉണ്ടാക്കുന്നത് ?

എന്റെ മുൻഗാമികൾക്കെല്ലാം രാഷ്ട്രീയ പിൻബലം ഉണ്ടായിരുന്നു. ആർ. ശങ്കർ മന്ത്രിയായിരുന്നു. എനിക്ക് ഒരു അധികാരവുമില്ല. രാഷ്ട്രീയ ശക്തിയായി നിന്ന് സഹായിക്കാനും ആരുമില്ല. എന്നാൽ താഴേത്തട്ടിലേക്ക് ഇറങ്ങി ശാഖകളിലും വീടുകളിലുമെത്തി യോഗത്തെ ചലനാത്മകമാക്കി. അത് എന്റെ മാത്രം കഴിവല്ല. താഴേത്തട്ടിൽ നിന്നും വലിയ പിന്തുണയുണ്ട്. ശാഖകളും അംഗങ്ങളും യൂണിയനും സ്ഥാപനങ്ങളും വർദ്ധിച്ചു. പക്ഷേ കുലംകുത്തികൾ ഇതിനെ തകർക്കാൻ ശ്രമിക്കുകയാണ്. അവരും ചിന്താഗതി മാറ്റി ഒപ്പം വന്നാൽ നമുക്ക് മഹാശക്തിയായി മാറാൻ കഴിയും.

യോഗം കേരളത്തിന് പുറത്തും സജീവമാണോ?

മറ്റ് സംസ്ഥാനങ്ങൾക്ക് പുറമേ അമേരിക്കയിലും ദുബായിലും വരെ ശാഖകളും യൂണിയനുകളുമുണ്ട്. ഡൽഹിയിൽ ശക്തമായ ഇടപെടലിലൂടെ സംവരണം നേടിയെടുക്കാനായി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ വയലാർ രവിയേയും കൂട്ടി പോയിക്കണ്ട് സംവരണവുമായി ബന്ധപ്പെട്ട് ഏറെ നേരം ചർച്ച നടത്തിയിരുന്നു. തമിഴ്നാട്ടിലും സമാനമായ ഇടപെടലിലൂടെയാണ് സംവരണ പട്ടികയിൽ ഈഴവ സമുദായം ഇടംപിടിച്ചത്. കർണാടകയിൽ ബില്ലവ സമുദായത്തിനും യോഗത്തിന്റെ ഇടപെടലിലൂടെ സംവരണം ലഭിച്ചു.

ഭാവി പദ്ധതികൾ ?

ആബാലവൃദ്ധം ജനങ്ങളെയും യോഗത്തിന്റെ കൊടിക്കീഴിൽ അണിനിരത്തുകയാണ് ലക്ഷ്യം. പുതിയ പോഷക സംഘടനകൾ രൂപീകരിക്കും.

ഗുരുദർശനം ജനങ്ങളിലെത്തിക്കാൻ ?

ശാഖാ ഭാരവാഹികൾക്കും പോഷകസംഘടനാ പ്രവർത്തകർക്കുമായി ഗുരുദർശനത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് നിരന്തരം പഠനക്ലാസുകൾ സംഘടിപ്പിക്കുന്നു. ഗുരുദർശനം ആസ്പദമാക്കി നവദമ്പതികൾക്കായി പ്രീ മാര്യേജ് ക്ലാസ് നടത്തുന്നു.

സംഘടിക്കുക എന്ന ഗുരുദേവ ആഹ്വാനത്തിന്റെ വാർഷികാഘോഷം എങ്ങനെ ?

ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ലക്ഷ്യം. 'സംഘടനകൊണ്ട് ശക്തരാവുക' എന്ന ഗുരുവചനം ആധുനിക കേരളത്തെ രൂപപ്പെടുത്തിയതെങ്ങനെ എന്നു പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന പ്രചാരണ പരിപാടികൾ നടത്തും. യോഗ ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ഓരോന്നും മുൻനിറുത്തി സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. ഇതര മത, സാമുദായിക സംഘടനകൾക്ക് യോഗം എങ്ങനെ പ്രചോദനമായെന്നും ചർച്ച ചെയ്യും.