പതിനൊന്നാം ആണ്ടിലും നവീകരണം നീളുന്നു
കൊല്ലം: രാജഭരണകാലത്ത് കായലുകളെയും ആറുകളെയും ബന്ധിപ്പിച്ച് കോവളം- കൊല്ലം ജലപാത നിർമ്മിക്കാൻ കുറച്ചുനാളേ വേണ്ടിവന്നുള്ളു. ഈ ജലപാതയുടെ പത്ത് ശതമാനം പോലും നീളമില്ലാത്ത കൊല്ലം തോടിന്റെ നവീകരണം തുടങ്ങി പതിനൊന്നാണ്ടായിട്ടും പൂർത്തിയാകുന്നില്ല. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മുഖത്ത് നോക്കി നാണമില്ലേയെന്ന് ജനങ്ങൾ കാലങ്ങളായി ചോദിക്കുന്നു. ആരു കേൾക്കാൻ. കൊല്ലം തോടിന്റെ മറവിൽ പണം വാരി കുളംതോണ്ടുകയാണ് ഒരു വിഭാഗം.
അഷ്ടമുടി കായൽ മുതൽ ഇരവിപുരം വരെ 7.86 കി.മീറ്റർ നീളത്തിലുള്ള ഭാഗമാണ് കൊല്ലം തോട്. പന്ത്രണ്ടാം ധനകാര്യ കമ്മിഷന്റെ കാലത്ത് 2010ലാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആറ് റീച്ചുകളായാണ് നവീകരണ പദ്ധതി. അതിൽ കല്ലുപാലം മുതൽ അഷ്ടമുടി കായൽ വരെയുള്ള ആറാം റീച്ചിന്റെ നവീകരണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയായി. ശേഷിക്കുന്ന അഞ്ച് റീച്ചുകളിലെ നവീകരണം തീരം കൈയേറി താമസിച്ചവരുടെ എതിർപ്പ് കാരണം തുടങ്ങാനായില്ല. 2015ൽ തീരത്തുള്ളവരെയെല്ലാം ഒഴിപ്പിച്ച് വീണ്ടും നവീകരണം പുനരാരംഭിച്ചിട്ട് ആറാം വർഷത്തിലേക്ക് കടക്കുന്നു. ഇതുവരെ ഒരു റീച്ച് പോലും പൂർത്തിയായില്ല.
മൂന്നരവർഷം, കടത്തിയത്
കോടികളുടെ മണൽ
നദികളിലെ മണലൂറ്റിന് നിയന്ത്രണം വന്ന ഘട്ടത്തിലാണ് കൊല്ലം തോട്ടിലെ 1, 4, 5 റീച്ചുകളുടെ നവീകരണം തുടങ്ങിയത്. ഇതിന്റെ കരാർ ഏറ്റെടുത്ത കൺസ്ട്രക്ഷൻ കോർപ്പറേഷൻ എന്ന സർക്കാർ സ്ഥാപനം മൂന്ന് പേർക്കായി ഉപകരാർ നൽകി. രണ്ട് വശങ്ങളിലും പാർശ്വഭിത്തി നിർമ്മാണവും ചരക്ക് ബോട്ടുകൾക്കടക്കം കടന്നുപോകാൻ 1.7 മീറ്റർ നീളത്തിൽ ആഴം കൂട്ടലുമായിരുന്നു ലക്ഷ്യം. ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണലിന്റെ റോയൽറ്റി ജിയോളജി വകുപ്പിന് നൽകിയ ശേഷം കരാറുകാർക്ക് വിൽക്കാമെന്നായിരുന്നു വ്യവസ്ഥ. ഉപകരാറുകാർ സംഗതി നന്നായി മുതലാക്കി. കൊല്ലം തോട്ടിൽ മിനിറ്റുകളുടെ ഇടവേളയിൽ മണലുമായി ലോറികൾ പാഞ്ഞു. നൂറ് ലോഡ് പോകുമ്പോൾ ഒരു ലോഡിന്റെ പണം മാത്രമാണ് സർക്കാരിന് അടച്ചത്. മൂന്നരവർഷത്തോളം മണൽകടത്ത് തകൃതിയായി നടന്നു. കരാറുകാരുടെയും വെട്ടിപ്പിന് കൂട്ടിനിന്ന ഉദ്യോഗസ്ഥരുടെയും പണപ്പെട്ടി നിറഞ്ഞതല്ലാതെ നവീകരണം മുന്നോട്ട് പോയില്ല.
പാളിയ വഴികൾ
1. അനിയന്ത്രിതമായ മണൽ കടത്തൽ
2. തീരം വ്യാപകമായി ഇടിഞ്ഞ് താഴാൻ തുടങ്ങി
3. പാർശ്വഭിത്തി നിർമ്മാണം കരാറുകാരും ഉദ്യോഗസ്ഥരും മറന്നു
4. തൊട്ടടുത്തുള്ള വീടുകളുടെ ഭിത്തികളിൽ വിള്ളൽ വീണു
5. ജനങ്ങളുടെ പ്രതിഷേധം ശക്തമായി
6. മുഖ്യമന്ത്രി ദേശീയജലപാത വികസനത്തിന്റെ അവലോകനം വിളിച്ചു
7. കൊല്ലം തോട്ടിൽ മണലൂറ്റ് മാത്രമെന്ന് വിലയിരുത്തൽ
8. രണ്ടും മൂന്നും റീച്ചുകളുടെ നവീകരണ കരാറിൽ നിന്ന് മണൽ വില്പന ഒഴിവാക്കി
9. മണൽ ലേലം ചെയ്ത് വിൽക്കാൻ കളക്ടറെ ചുമതലപ്പെടുത്തി
10. തോട് നവീകരണത്തിന് അല്പമെങ്കിലും ജീവൻ വച്ചു
11. പക്ഷേ എന്നിത് പൂർത്തിയാകുമെന്ന് ആർക്കും നിശ്ചയമില്ല
കൊല്ലം തോട്
നീളം: 7.86 കിലോ മീറ്റർ
നവീകരണം തുടങ്ങിയത്: 2010ൽ
ആകെ റീച്ചുകൾ: 6
ഇതുവരെ പൂർത്തിയായത്: 1റീച്ച് (2011ൽ)