kunjumon

കൊല്ലം: തിരഞ്ഞെടുപ്പിൽ അഞ്ചാമൂഴത്തിന് കച്ചമുറുക്കുമ്പോഴും 'കല്യാണം കഴിക്കുന്നില്ലേയെന്ന് ' ചോദിക്കുന്നവരോട് 'സമയം കിട്ടുന്നില്ലെന്ന' മറുപടി ആവർത്തിക്കുകയാണ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ.

ജനകീയനായ നേതാവാണ് കുഞ്ഞുമോൻ. 'പത്ത് കൊല്ലം മുൻപേ കല്യാണം കഴിക്കാൻ തീരുമാനിച്ചതാ. ഇതുവരെ സമയം കിട്ടിയില്ല. ഇനി ഈ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ആലോചിക്കാം' എന്നാണ് ഇപ്പോഴത്തെ നിലപാട്.
കുന്നത്തൂരാണ് തട്ടകം. ആർ.എസ്.പിയിൽ നിന്നാണ് മൂന്ന് തവണ എം.എൽ.എയായത്. ആർ.എസ്.പി മുന്നണി വിട്ട് കുറച്ചുനാൾ കഴിഞ്ഞപ്പോൾ കുഞ്ഞുമോൻ പുതിയ പാർട്ടിയുണ്ടാക്കി - ആർ.എസ്.പി ലെനിനിസ്റ്റ്. കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച് വിജയിച്ചു. ഔദ്യോഗികമായി ഇടത് മുന്നണിയുടെ ഭാഗമായിട്ടില്ലെങ്കിലും ഇക്കുറിയും ഇടത് സ്ഥാനാർത്ഥിയായി കുന്നത്തൂരിൽ മത്സരിക്കും.

42 കാരനായ കുഞ്ഞുമോൻ വീട്ടിൽ തനിച്ചാണ് താമസം. രാവിലെ ആറിന് ഉണരും. പ്രഭാതഭക്ഷണം വീടിനടുത്തുള്ള ചായക്കടയിൽ നിന്നാണ്. എട്ടോടെ വീട്ടിൽ നിന്നിറങ്ങും.

മുഴുവൻ മരണവീടുകളിലുമെത്തും. കല്യാണം, പാലുകാച്ചൽ ചടങ്ങിലും കുഞ്ഞുമോനുണ്ടാകും. ഉച്ചഭക്ഷണം ഇവിടെ എവിടെനിന്നെങ്കിലും കഴിക്കും. രാത്രി വീട്ടിൽ തിരികെയെത്തുമ്പോൾ സമയം പതിനൊന്ന് കഴിഞ്ഞിരിക്കും.

തട്ടുകടയിലെ ദോശ അത്താഴമാക്കുന്ന കുഞ്ഞുമോനോട് നാട്ടുകാർ തന്നെ ചോദിച്ചു തുടങ്ങി- 'രാത്രി ഭക്ഷണമെങ്കിലും വീട്ടിൽ നിന്ന് കഴിക്കാൻ ഒരു പെണ്ണ് കെട്ടിക്കൂടേയെന്ന് '. ചിലർ പെണ്ണ് കെട്ടിയാലേ വോട്ടു തരൂ എന്നായി. എല്ലാ ചോദ്യങ്ങളും ചിരിച്ചുകൊണ്ട് മറികടക്കും കുഞ്ഞുമോൻ.

എട്ട് കൊല്ലം മുൻപ് സി.പി.എെ നേതാവ് സി. ദിവാകരൻ ഒരു വേദിയിൽ വച്ച് കുഞ്ഞുമോൻ കല്യാണം കഴിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. എത്രയും വേഗം ആലോചിക്കുമെന്ന് കുഞ്ഞുമോനും വേദിയിൽ പ്രഖ്യാപിച്ചു. കുഞ്ഞുമോൻ ഇപ്പോൾ സി. ദിവാകരനെ കണ്ടാൽ മുങ്ങുമെന്നാണ് ജനസംസാരം.