ചാത്തന്നൂർ: ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ ഓടയിൽ മാലിന്യം കെട്ടിനിന്ന് ദുർഗന്ധം വമിക്കുന്ന പ്രശ്നത്തിന് പരിഹാരമായി. ജെ.സി.ബി ഉപയോഗിച്ച് മാലിന്യങ്ങൾ പൂർണമായും കോരി മാറ്റുകയായിരുന്നു. ദേശീയപാതയോരത്തെ ഓടയിലേയ്ക്ക് ചില ഹോട്ടലുകളിൽ നിന്ന് മാലിന്യങ്ങൾ ഒഴുക്കി വിട്ടിരുന്നു. ഇതിനെപ്പറ്റി നിരവധി തവണ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു, വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമൽ ചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ മഹേശ്വരി, രേണുക, ദേശീയപാതാ വിഭാഗം ഓവർസിയർ ഡി. ലിനിത, പഞ്ചായത്ത് അസി. സെക്രട്ടറി സജി തോമസ് എന്നിവരുടെ മേൽനോട്ടത്തിലാണ് ഓടകളിലെ മാലിന്യം നീക്കം ചെയ്തത്. പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരും ഒപ്പം ചേർന്നു. മാലിന്യങ്ങൾ നീക്കം ചെയ്തതോടെ സ്കൂളിനും ഓട്ടോ സ്റ്റാൻഡിനും സമീപത്തെ വെള്ളക്കെട്ടിന് പരിഹാരമായി. മാലിന്യനിർമ്മാർജ്ജനത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ഓടയിലേയ്ക്ക് മാലിന്യം ഒഴുക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.