കൊല്ലം : സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ തീവ്രയത്ന നടപടി ആരംഭിക്കുന്നതിന്റെ ഭാഗമായി കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹകരണത്തോടെ തെരുവ് നായ്ക്കളെ പിടിക്കുന്നതിനുള്ള പരിശീലന പരിപാടി ആരംഭിച്ചു.
സംസ്ഥാനത്ത് 9 ലക്ഷത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് കണക്ക്. വീടുകളിൽ വളർത്തുന്ന നായ്ക്കളുടെ എണ്ണത്തേക്കാൾ കൂടുതലാണിത്.
സംസ്ഥാനത്ത് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നായ്ക്കളെ ജനന നിയന്ത്രണ ശസ്ത്രക്രിയ ചെയ്യാനായി പ്രത്യേക കേന്ദ്രം ഉടൻ സജ്ജമാക്കും. വെറ്ററിനറി സർജൻമാരെയും കുടുംബശ്രീയിൽ നിന്നുള്ള ഡോഗ് ഹാന്റ്ലർമാരെയും ഇതിനായി നിയമിച്ചു. ഒരു മാസം നീളുന്ന തീവ്രയത്ന പരിപാടി റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പരിശീലനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഡോ. ഡി. ഷൈൻ കുമാർ, കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസർ ഡോ. എ. സജീവ് കുമാർ , ആദിച്ചനല്ലൂർ പഞ്ചായത്തംഗം രേഖ എസ്. ചന്ദ്രൻ, ജില്ലാ മിഷൻ കോ ഒാർഡിനേറ്റർ എ.ജി. സന്തോഷ്, പ്രോഗ്രാം ഓഫീസർമാരായ ശ്യാം ജി. നായർ, രതീഷ്, ഡോ. കെ.എസ്. സിന്ധു എന്നിവർ പങ്കെടുത്തു.