കർഷകരുടെ ആവശ്യം ശക്തമാകുന്നു
ചാത്തന്നൂർ : ചിറക്കര പഞ്ചായത്തിലെ പ്രധാന നെൽപ്പാടമായ 30 ഹെക്ടറോളം വരുന്ന കുഴുപ്പിൽ ഏലാ സംരക്ഷിക്കാൻ അധികൃതർ മുൻകൈയെടുക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമാകുന്നു. നെൽകൃഷി, പച്ചക്കറിക്കൃഷി എന്നിവയ്ക്ക് മാത്രമായി ഏല ഉപയോഗപ്പെടുത്തണമെന്നും മറ്റ് നാണ്യവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കരുതെന്നുമാണ് കർഷകർ പറയുന്നത്. ചിറക്കര ഗ്രാമ പഞ്ചായത്തിൽ മുഴുവൻ സമയവും നെൽകൃഷി ചെയ്യാൻ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള സ്ഥലമാണ് കുഴുപ്പിൽ ഏല. ഏലായുടെ തനിമ നശിപ്പിക്കുന്ന രീതിയിൽ ഫാമുകൾ നിർമ്മിക്കുന്നതും വേലി കെട്ടുന്നതും നെൽക്കൃഷി ചെയ്യുന്ന കർഷകരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. വേലിക്കെട്ടുകൾക്കുള്ളിൽ തെങ്ങിൻ തൈകൾ കൂട്ടത്തോടെ വെച്ചുപിടിപ്പിക്കുന്നുണ്ട്. നിലങ്ങളിൽ വേലിക്കെട്ടുകൾ സ്ഥാപിക്കുന്നത് മൂലം നീരൂറ്റ് തടസപ്പെടുകയും ചെറിയ മഴ പെയ്താൽ പോലും വെള്ളം കെട്ടിനിന്ന് കൃഷി നശിക്കുകയുമാണ്.
അനധികൃത നിർമ്മാണങ്ങൾ
രാത്രികാലങ്ങളിൽ കരമണ്ണ് അടിച്ച് ഈ പ്രദേശങ്ങൾ നികത്താറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇത്തരത്തിൽ നികത്തിയെടുക്കുന്ന പ്രദേശങ്ങൾ റവന്യൂ രേഖകളിൽ നിലമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെ അനധികൃത കെട്ടിടങ്ങൾ ഉയരുകയാണ്. കഴിഞ്ഞ ദിവസവും ചിറക്കര പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഒരു അനധികൃത നിർമ്മാണം നിറുത്തിവെച്ചിരുന്നു. നിലങ്ങളിൽ വീട് വെയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കും അനുമതി ലഭിക്കാത്തതിനാൽ പലരും കൃഷിക്ക് പമ്പ് സെറ്റ് സ്ഥാപിക്കാനെന്ന വ്യാജേനെ ഒരു ചെറിയ ഷെഡ് നിർമ്മിച്ച് പഞ്ചായത്തിൽ നിന്ന് നമ്പർ വാങ്ങിയെടുക്കാറുണ്ട്. ഇതനുസരിച്ച് വൈദ്യുതി കണക്ഷൻ ലഭിച്ചു കഴിഞ്ഞാൽ ഈ ഷെഡുകൾ ബാക്കി നിർമ്മാണങ്ങൾ കൂടി നടത്തി വീടുകളും ഫാമുകളുമാക്കി മാറ്റുകയാണ്. ഇത് കുഴുപ്പിൽ ഏലായുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പരമ്പരാഗതമായി നെൽക്കൃഷി ചെയ്യുന്നവർ പറയുന്നു.
നെൽകൃഷി ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ
1. കുഴുപ്പിൽ ഏലായുടെ മൂന്ന് കരയിലെ തോടും നടുതോടും റവന്യൂ രേഖകൾ പ്രകാരം അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കണം
2. ഏലായിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കണം, വേലിക്കെട്ടുകൾ ഒഴിവാക്കണം
3. തെങ്ങിൻ തൈകൾ വെച്ച് പിടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നാണ്യവിള കൃഷികൾ നീക്കം ചെയ്‌ത് കുഴുപ്പിൽ ഏലാ സംരക്ഷിക്കണം. ഇടവിള കൃഷിയെ പ്രോത്സാഹിപ്പിക്കണം.