c
കോർപ്പറേഷൻ ഓഫീസ് വളപ്പിലെ മാലിന്യനിക്ഷേപം

കൊല്ലം: ഹരിത ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നതിനുള്ള ഹരിത ഓഫീസ് പദവി എ ഗ്രേഡോടെ നേടിയിരിക്കുകയാണ് കൊല്ലം കോർപ്പറേഷൻ ഓഫീസ്. പക്ഷേ കോർപ്പറേഷൻ ഓഫീസ് വളപ്പിലെത്തിയാൽ ഹരിതം എന്ന വാക്കിന്റെ അർത്ഥം മാലിന്യം എന്നാണോയെന്ന് ആർക്കും സംശയം തോന്നിയേക്കാം!. പ്രധാന ഓഫീസ് കെട്ടിടത്തിന്റെ പിൻഭാഗം മുഴുവൻ മാലിന്യക്കൂമ്പാരമാണ്. പഴകിയ ട്യൂബുകളും തെരുവുവിളക്കുകളുടെ ഫ്രെയിമുകളും ഇവിടെ കുന്നുപോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഓഫീസിൽ പുനരുപയോഗ ശൂന്യമായ പ്ലാസ്റ്റിക് ഉപയോഗിക്കരുത്, ജീവനക്കാർ സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം കൊണ്ടു വരണം, ജൈവ, അജൈവ മാലിന്യങ്ങൾ സംഭരിക്കാൻ പ്രത്യേക സംവിധാനം വേണം തുടങ്ങിയവയാണ് ഹരിത സ്ഥാപനങ്ങളുടെ പ്രത്യേകത. മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയാണ് പദവി നൽകുന്നതിന്റെ സുപ്രധാന ലക്ഷ്യം. ഹരിതകേരളമിഷന്റെയും ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിലുള്ള വിദഗ്ദ്ധ സമിതി പരിശോധിച്ച ശേഷമാണ് പദവി അനുവദിക്കുന്നത്. മാലിന്യം പരസ്യമായി കത്തിക്കുകയും കൂട്ടിയിടുകയും ചെയ്യുന്ന കോർപ്പറേഷന് ഏങ്ങനെ എ ഗ്രേഡോടെ ഹരിത പദവി കിട്ടിയെന്നതാണ് അതിശയം. അനർഹമായി പദവി നേടിയ നഗരസഭയാണ് ഇനി നഗരത്തിലെ മറ്റ് സ്ഥാപനങ്ങളിൽ പരിശോധന നടത്തി ഹരിത പദവി നൽകേണ്ടത്.

സർവത്ര മാലിന്യം

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിച്ചെടുത്ത തെരുവോരക്കച്ചവടക്കാരുടെ ഉന്തുവണ്ടികൾ, ഒടിഞ്ഞ പ്ലാസ്റ്റിക് കസേരകൾ, ഉപയോഗശൂന്യമായ വാഹനങ്ങൾ തുടങ്ങിയവയും കോർപ്പറേഷൻ ഓഫീസ് വളപ്പിലുണ്ട്. പ്ലാസ്റ്റിക് ചാക്കുകളിൽ മാലിന്യം തിരുകി വാഹനങ്ങൾക്കുള്ളിൽ നിറച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് ചാക്കുകൾക്കും കവറുകൾക്കുമുള്ളിൽ കൊതുക് പെറ്റുപെരുകുകയാണ്. ഓഫീസിലെ പഴകിയ പേപ്പർ രേഖകളും പ്ലാസ്റ്റിക്കും ഇവിടെ ഇടയ്ക്കിടെ കൂട്ടിയിട്ട് കത്തിക്കാറുമുണ്ട്.

ജില്ലാതല വിദഗ്ദ്ധസമിതി നടത്തിയ പരിശോധനയിൽ 90നും നൂറിനും ഇടയിൽ മാർക്ക് നേടിയ സ്ഥാപനത്തിനാണ് എ ഗ്രേഡോടെ ഹരിത പദവി നൽകിയത്.

ഐസക് (ഹരിതകേരള മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ)