villa
ഇടമണിൽ നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫിസ് മന്ത്രി ഇ.ചന്ദ്രശേഖരൻ നാടിന് സമർപ്പിക്കുന്നു. മന്ത്രി കെ.രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ തുടങ്ങിയവർ സമീപം

പുനലൂർ: ജീവനക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കി വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നതിനൊപ്പം പൊതുസമൂഹത്തിനും അതിന്റെ ഗുണങ്ങൾ അനുഭവിക്കാൻ കഴിയണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

ഇടമണിൽ പുതുതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ശോച്യാവസ്ഥയിലുള്ള 1,500 ഓളം വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ പുനരുദ്ധരിക്കുകയും 441 സ്മാർട്ട് വില്ലേജ് ഓഫീസുകൾ പുതുതായി നിർമ്മിക്കുകയും ചെയ്തു. പ്ലാൻഫണ്ടിൽ നിന്ന് 260 കോടി ചെലവഴിച്ചായിരുന്നു നിർമ്മാണവും നവീകരണവും നടത്തിയതെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.രാജു അദ്ധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ, തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ. കോമളകുമാർ, പഞ്ചായത്ത് അംഗങ്ങളായ വിജയശ്രീ ബാബു, നസിയത്ത് ഷാജഹാൻ, സോജ സനിൽ, സുജാത, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. എ.ഡി.എം പി.ആർ.ഗോപാലകൃഷ്ണൻ റിപ്പോർട്ടും ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ സ്വാഗതവും വില്ലേജ് ഓഫീസർ ജോസഫ് കാർഡോസ് നന്ദിയും പറഞ്ഞു.