കൊല്ലം: ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി കൊല്ലം തഴവയിൽ നിർമ്മിച്ച ദുരിതാശ്വാസ അഭയ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നത് സ്‌കൂളുകളിലാണ്. ഇതുമൂലം ആഴ്ചകളോളം അദ്ധ്യയനം നഷ്ടമാകാറുണ്ട്. ദുരന്തബാധിതരെ മാറ്റി പാർപ്പിക്കാൻ പ്രത്യേക കെട്ടിടത്തിന്റെ ആവശ്യകത മുന്നിൽ കണ്ടാണ് ഇത്തരമൊരു സംരംഭത്തിന് സർക്കാർ നേതൃത്വം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ദുരന്തനിവാരണത്തിന്റെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലായിരിക്കും കേന്ദ്രം പ്രവർത്തിക്കുന്നത്.
ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ആയിരത്തോളം പേർക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ ചുഴലിക്കാറ്റും മറ്റു പ്രകൃതിക്ഷോഭങ്ങളും അതിജീവിക്കാൻ ഉതകുന്ന തരത്തിലാണ് കെട്ടിടത്തിന്റെ നിർമ്മാണരീതി.
തീരപ്രദേശത്തുനിന്ന് 10 കിലോമീറ്റർ മാറി സർക്കാർ ഭൂമിയിലാണ് അഭയകേന്ദ്രം. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, എ.ഡി.എം പി.ആർ. ഗോപാലകൃഷ്ണൻ, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖൻ, തഴവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അഭയകേന്ദ്രത്തിലെ സൗകര്യങ്ങൾ
താമസം: 1000 പേർക്ക്
ചെലവ്: 3.5 കോടി
നിലകൾ: 3
സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക മുറികൾ
ടോയ്‌ലെറ്റ്
പൊതു അടുക്കള