തഴവ: കൊവിഡ് ചികിത്സയ്ക്കു വേണ്ടി പഞ്ചായത്തുകളിൽ ഒരുക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ നോക്കുകുത്തിയായതോടെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സമാഹരിച്ച കിടക്കകളും ഇലക്ട്രോണിക് ഉപകരണങ്ങളുമടക്കം വെറുതേ കിടന്ന് നശിക്കുന്നു. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലെ കിടക്കകൾ ഉൾപ്പടെയുള്ള ഉപകരണങ്ങൾ തഴവയിലെ സ്ഥിരം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റണമെന്ന അവശ്യം ശക്തമായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് ആരംഭിച്ച ട്രീറ്റ്മെന്റ് സെന്ററുകളിൽ അതാത് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് വാങ്ങിയിട്ടത്.എന്നാൽ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവർത്തനം നിറുത്തിവച്ചതോടെ സാധനങ്ങളെല്ലാം ഉപയോഗ ശൂന്യമായ അവസ്ഥയാണ്.
ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ
വള്ളിക്കാവിൽ ആരംഭിച്ച കൊവിസ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് മാത്രം നൂറ് കിടക്കകളും രണ്ട് വാഷിംഗ് മെഷീനുകളുമാണ് വാങ്ങി നൽകിയത്. അതെല്ലാം ട്രീറ്റ്മെന്റ് സെന്ററിൽ നിന്ന് തിരികെയെടുത്ത് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് മുകളിൽ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണിപ്പോൾ.
തഴവ ഗ്രാമ പഞ്ചായത്തിലും ഇതേ അവസ്ഥയാണ്. ഇത്തരത്തിൽ ജില്ലയിലെ ഓരോ ഗ്രാമ പഞ്ചായത്തുകളും വിവിധ സ്പോൺസർമാരുടെ സഹായത്തോടെ ട്രീറ്റ്മെന്റ് സെന്ററിലേക്ക് വാങ്ങിക്കൂട്ടിയ ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികളാണ് ഇത്തരത്തിൽ നാശത്തിലേക്ക് നീങ്ങുന്നത്.
മൂന്നരക്കോടിയോളം രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി തഴവയിൽ ആരംഭിച്ച സ്ഥിരം ദുരിതാശ്വാസ ക്യാമ്പിൽ ആയിരം പേരേ താമസിപ്പിക്കുവാനുള്ള സൗകര്യമാണ് ഒരുക്കുവാൻ പോകുന്നത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് വാങ്ങിയ എല്ലാ സാധനങ്ങളും ഇവിടേയ്ക്ക് നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.