ഇരവിപുരം: അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്ന് മൊബൈൽ ഫോണുകളും പണവും കവർന്ന പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ടുപേരെ ഇരവിപുരം പൊലീസും സിറ്റി പൊലീസ് ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു.
പശ്ചിമ ബംഗാൾ ജയ്പാൽഗുരി ഗാദ്ര സ്വദേശികളായ ഇസ്മായിൽ (25), സാഗർ അലി (23) എന്നിവരാണ് അറസ്റ്റിലായത്. ഇസ്മായിൽ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ ഇരവിപുരം പൊലീസ് പശ്ചിമ ബംഗാൾ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച മാടൻനടയിലുള്ള അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്നാണ് ഇവർ ആറ് മൊബൈൽ ഫോണുകളും മുപ്പതിനായിരം രൂപയും മോഷ്ടിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദേശപ്രകാരം എ.സി.പി പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ കുടുക്കിയത്.
പ്രതികളിൽ നിന്ന് ആറ് മൊബൈലുകളും ആറായിരം രൂപയും കണ്ടെടുത്തു. ബാക്കിയുള്ള തുക ഇവർ എവിടെ ഒളിപ്പിച്ചെന്ന് വ്യക്തമല്ല. പോളയത്തോട്ടിലെ കാർ വർക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു സാഗർ അലി. സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്നു ഇസ്മായിൽ. മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് തന്നെയാണ് വിറ്റിരുന്നത്. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, ഡാൻസാഫ് എസ്.ഐ ജയകുമാർ, ജൂനിയർ എസ്.ഐമാരായ ഷെമീർ, സൂരജ്, ജി.എസ്.ഐമാരായ ആന്റണി, ജയ കുമാർ, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ മനോജ്, സാബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.