vaccine

കൊല്ലം: കൊവിഡിനെ പിടിച്ചുകെട്ടാനുള്ള പ്രതിരോധ വാക്സിന്റെ ആദ്യഘട്ട വിതരണം 33 ശതമാനം പൂർത്തിയായി. ആകെ രജിസ്റ്റർ ചെയ്ത 22,000 ആരോഗ്യ പ്രവർത്തകരിൽ ഇന്നലെ വരെ 7,400 പേർ വാക്സിനെടുത്തു.

ഈമാസം 16നാണ് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്സിൻ വിതരണം തുടങ്ങിയത്. അടുത്തമാസം 5ന് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. രണ്ടാം ഡോസിന്റെ വിതരണം അതിന് ശേഷം ആരംഭിക്കും. പ്രായമായവർക്കായിരിക്കും രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുക. ഇതിനുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. പൊതുജനങ്ങൾക്ക് വാക്സിൻ വിതരണത്തിനായി കൂടുതൽ കേന്ദ്രങ്ങൾ കണ്ടെത്തി വരികയാണ്. ഇപ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെയാണ് വിതരണ കേന്ദ്രങ്ങളാക്കിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് വിതരണം തുടങ്ങുമ്പോൾ സ്ഥലസൗകര്യമുള്ള ഓഡിറ്റോറിയങ്ങളടക്കം ഏറ്റെടുക്കും.

ആദ്യഘട്ടത്തിൽ 25,960 ഡോസ് കൊവിഷീൽഡ് വാക്സിനാണ് എത്തിയത്. ഒരാഴ്ച മുൻപ് വീണ്ടും എത്തിയതോടെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും രണ്ട് ഡോസ് വീതം നൽകാനുള്ള വാക്സിനായി.

 വിതരണ കേന്ദ്രങ്ങൾ 19

ഇന്ന് മുതൽ 19 കേന്ദ്രങ്ങളിലാകും വാക്സിൻ വിതരണം. ആദ്യം 9 കേന്ദ്രങ്ങൾ സജ്ജമാക്കിയാണ് വാക്സിൻ വിതരണം ആരംഭിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ ഇത് 25 ആയി ഉയർത്തും. എല്ലായിടത്തും മുൻകൂട്ടി അറിയിപ്പ് നൽകുന്ന നൂറുപേർക്ക് വീതമാണ് വാക്സിൻ എടുക്കുന്നത്.

 വാക്സിൻ വിതരണം തുടങ്ങിയത്: ഈമാസം 16ന്

 ഇതുവരെ വിതരണം ചെയ്തത്: 7,400

 പട്ടികയിൽ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകർ: 22,000

 വിതരണ കേന്ദ്രങ്ങൾ ഉടൻ 25 ആകും