fire
കൊല്ലം ഓച്ചിറയിലെ കയർ ഫാക്ടറിയിലുണ്ടായ തീപിടിത്തം ഫയർഫോഴ്സ് കെടുത്താൻ ശ്രമിക്കുന്നു

 ലോഡ് കയറ്റിയ ലോറി പൂർണമായും കത്തിനശിച്ചു

ഓച്ചിറ: ക്ലാപ്പന ആലുംപീടികയ്ക്ക് സമീപം കയർസംഭരണശാലയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം. കയർ ലോഡ് ചെയ്ത് നിറുത്തിയിരുന്ന ലോറി ഉൾപ്പെടെ കത്തി നശിച്ചു. ക്ലാപ്പന ആലുംപിടിക കോണത്തേരിൽ രാജന്റെ ഓച്ചിറ വാസൻ കയർ വർക്ക്സ് എന്ന കയർ സംഭരണശാലയാണ് കത്തി നശിച്ചത്.

വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. പൊട്ടിത്തെറിയുടെ ശബ്ദവും തീജ്വാലകളും ശ്രദ്ധയിൽപെട്ട സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പ്രാദേശിക ചെറുകിട സംഘങ്ങളിൽ നിന്ന് കയർ ശേഖരിച്ച് കയറ്റുമതിക്കാർക്ക് എത്തിച്ചുകൊടുക്കുന്ന സംഭരണശാലയിലായിരുന്നു തീപിടിത്തം.

രാവിലെ അങ്കമാലിയിലേയ്ക്ക് വിപണനത്തിന് കൊണ്ടുപോകാനായി ലോഡ് ചെയ്ത് സൂക്ഷിച്ചിരുന്ന കയർ ലോറിയും കത്തി നശിച്ചു. മറ്റൊരു ലോറിയും ഭാഗികമായി തിപിടിച്ചു. കായംകുളം, കരുനാഗപ്പള്ളി, ചവറ എന്നിവിടിങ്ങളിൽ നിന്ന് എത്തിയ ആറ് യൂണിറ്റ് ഫയർ എൻജിനുകൾ നാല് മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉദ്ദേശം ഒരുകോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൊലീസ് അന്വേഷണം ആരംഭിച്ചു.