ഇരവിപുരം വിട്ടുനൽകേണ്ടിവരും
കൊല്ലം: ആറ്റിങ്ങൽ, കയ്പമംഗലം നിയമസഭാ മണ്ഡലങ്ങൾക്ക് പകരം ആർ.എസ്.പിക്ക് പാർട്ടിയുടെ ഈറ്റില്ലമായ കൊല്ലം ജില്ലയിൽ സീറ്റ് വേണമെന്ന ആവശ്യത്തോട് കോൺഗ്രസിന് പാതിമനസ്. ആറ്റിങ്ങൽ മാറ്റി നൽകിയില്ലെങ്കിലും തൃശൂർ ജില്ലയിലെ കയ്പമംഗലം കോൺഗ്രസ് ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ട്. പകരം ആർ.എസ്.പിക്ക് കുണ്ടറ സീറ്റ് നൽകിയേക്കും. ആറ്റിങ്ങലിന് പകരമായി കൊല്ലം നിയമസഭാ സീറ്റ് കൂടി ആർ.എസ്.പി ആവശ്യപ്പെട്ടേയ്ക്കും. ഇത് കോൺഗ്രസ് അംഗീകിരിക്കാനിടയില്ല. കൊല്ലം പാർലമെന്റ് സീറ്റ് തികച്ചും അപ്രതീക്ഷിതമായിട്ടാണ് കോൺഗ്രസ് ആർ.എസ്.പിക്ക് കൈമാറിയത്. ഇതിന് പുറമേ കൊല്ലം നിയമസഭാ മണ്ഡലംകൂടി വിട്ടുനൽകാൻ സാദ്ധ്യതയില്ല.
ആർ.എസ്.പിക്ക് സ്വാധീനമുള്ള ജില്ലയാണെങ്കിൽ കൂടി മുഴുവൻ സീറ്റും ഒരു ജില്ലയിൽ മാത്രം നൽകണമെന്ന ആവശ്യം നീതീകരിക്കാനാവില്ലെന്നാണ് കോൺഗ്രസിന്റെ പക്ഷം. കേരള കോൺഗ്രസ് (എം) പോയ ഒഴിവിലുള്ള സീറ്റുകളിൽ ഭൂരിഭാഗവും ജോസഫ് വിഭാഗത്തിന് കൊടുക്കേണ്ടിവരും. അതിനാൽ ഇക്കുറി യു.ഡി.എഫിൽ ഒരു ഘടകകക്ഷിക്കും കൂടുതൽ സീറ്റ് ലഭിക്കാനിടയില്ല. എന്നാൽ ചില നിയോജക മണ്ഡലങ്ങൾ വച്ചുമാറാൻ കോൺഗ്രസ് നേതാക്കൾ അനൗദ്യോഗികമായി സമ്മതമറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കുണ്ടറ ആർ.എസ്.പിക്ക് ലഭിച്ചേക്കും.
കുണ്ടറ കിട്ടിയാൽ ഇരവിപുരം മണ്ഡലം ആർ.എസ്.പി വിട്ടുനൽകേണ്ടിവരും. ഇരവിപുരത്തിന് പകരം മറ്റ് ജില്ലകളിലെവിടെയെങ്കിലും ആർ.എസ്.പിക്ക് സീറ്റ് നൽകേണ്ടിവരും. എന്നാൽ ആർ.എസ്.പിക്ക് കുണ്ടറ വിട്ടുനൽകുന്നതിനോട് ജില്ലയിലെ ഭൂരിഭാഗം കോൺഗ്രസ് നേതാക്കൾക്കും യോജിപ്പില്ല.