canal

 ആറരവർഷത്തിനിടയിൽ ഒരു റീച്ച് പോലും പൂർത്തിയായില്ല

കൊല്ലം: തീരത്തുള്ളവരെ ഒഴിപ്പിച്ച് കൊല്ലം തോടിന്റെ രണ്ടാംഘട്ട നവീകരണം തുടങ്ങിട്ട് ആറരവർഷം പിന്നിടുന്നു. ഇതിനിടയിൽ ഒരു റീച്ച് പോലും പൂർത്തിയായില്ല. മൂന്ന് റീച്ചുകളുടെ കരാർ ആദ്യം ഏറ്റെടുത്ത സർക്കാർ ഏജൻസിയായ കൺസ്ട്രക്ഷൻ കോർപ്പറേഷനും അവരുടെ ഉപകരാറുകാരും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരും ചേർന്നാണ് കൊല്ലം തോട് വികസനത്തെ ഒച്ചിനെ തോൽപ്പിക്കുന്ന അവസ്ഥയിലെത്തിച്ചത്.

2014 ജൂൺ 13 നാണ് 1, 4, 5 റീച്ചുകളുടെ വികസനത്തിന്റെ കരാർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഏറ്റെടുത്തത്. നവീകരണ പ്രവർത്തനങ്ങൾക്കുള്ള ഒരു സംവിധാനവും സ്വന്തമായി ഇല്ലാത്തതിനാൽ അവർ അപ്പോൾ തന്നെ ഉപകരാർ നൽകി. 16 മാസത്തിനകം പൂർത്തിയാക്കാനായിരുന്നു കരാർ. ഉപകരാറുകാർ ഏറ്റെടുത്ത പണി കരയിൽ വച്ച് മറന്നു.

പകരം തോട്ടിൽ നിന്ന് മണൽ കടത്തി കോടികൾ സമ്പാദിച്ചു. കരാർ ഏഴ് തവണ നീട്ടി നൽകിയിട്ടും നവീകരണം പൂർത്തിയാക്കിയില്ല. 2019 ആദ്യം കരാർ റദ്ദാക്കാൻ വകുപ്പ് ആലോചന തുടങ്ങിയപ്പോൾ ഉപകരാറുകാരൻ കോടതിയെ സമീപിച്ചു. പിന്നീട് ജൂൺ പകുതിയുടെ 46 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ ആറ് മാസം കൂടി നീട്ടി നൽകി. വീണ്ടും നൽകിയ ഒരുമാസക്കാലാവധി കഴിഞ്ഞ വർഷം ജനുവരി 17ന് അവസാനിച്ചു. പണി കാര്യമായി മുന്നേറിയില്ല.

വീണ്ടും മണൽ കടത്തി കാശ് സമ്പാദിക്കാമെന്ന് കരുതിയാണ് അവർ വീണ്ടും വീണ്ടും കാലാവധി നീട്ടി വാങ്ങിയത്. സർക്കാർ കർശന നിലപാട് എടുത്തതിനാൽ പഴയതുപോലെ മണൽ കടത്താനായില്ല. അതുകൊണ്ട് തന്നെ നവീകരണവും കാര്യമായി നടന്നില്ല. തോട് നവീകരണം കുളം തോണ്ടിയ ഉപകരാറുകാരിൽ നിന്ന് ബാങ്ക് ഗ്യാരന്റി പിടിച്ചെടുക്കാനും നിർവഹണ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

 മാതൃക രണ്ടാം റീച്ച്, പാര മൂന്നാം റീച്ച്

ഇഴഞ്ഞുനീങ്ങുന്ന കൊല്ലം തോട് നവീകരണത്തിൽ അല്പമെങ്കിലും ആശ്വാസമാണ് രണ്ടാം റീച്ച്. എട്ട് മാസം മുൻപ് തുടങ്ങിയ ഈ ഭാഗത്തെ നവീകരണം 70 ശതമാനം പൂർത്തിയായി. എന്നാൽ ഒന്നരവർഷം മുൻപ് തുടങ്ങിയ മൂന്നാം റീച്ചിലെ നവീകരണം ഇപ്പോഴും 11 ശതമാനത്തിൽ നിൽക്കുകയാണ്.

 ഒന്നാം റീച്ച്


ഇരവിപുരം കായൽ - താന്നി പാലം - 80 %

 രണ്ടാം റീച്ച്


താന്നി പാലം - കച്ചിക്കടവ് - 70 %

 മൂന്നാം റീച്ച്


കച്ചിക്കടവ്- ജലകേളി കേന്ദ്രം - 11 %

 നാലാം റീച്ച്

ജലകേളി കേന്ദ്രം- പള്ളിത്തോട്ടം പാലം- 80 %

 അഞ്ചാം റീച്ച്

പള്ളിത്തോട്ടം പാലം- പണ്ടകശാല പാലം- 80 %