ksrtc
പുനലൂർ കെ.എസ്..ആർ..ടി.സി ബസ് ഡിപ്പോയിൽ പുതിയതായി പണികഴിപ്പിച്ച വനിത വിശ്രമ കേന്ദ്രം, ഓഫീസ് തുടങ്ങിയവയുടെ സമർപ്പണം മന്ത്രി എ..കെ.ശശീന്ദ്രൻ നിർവഹിക്കുന്നു.സ്ഥലം എം.എൽ.എയായ മന്ത്രി കെ.രാജു, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമീപം..

പുനലൂർ: നഷ്ടത്തിൽ ഓടുന്ന സർവീസുകളെ സംരക്ഷിക്കുകയും ദീർഘദൂര സർവീസുകളെ ഒരു പ്രത്യേക സംവിധാനത്തിന്റെ കീഴിൽ നാല് ലാഭ കേന്ദ്രങ്ങളായി മാറ്റുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ 1.60കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഓഫിസ് കെട്ടിടം, വനിത വിശ്രമ കേന്ദ്രം,തറയോട് പാകിയ യാർഡ് എന്നിവയുടെ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം, എറണാകുളം,കോഴിക്കോട് തുടങ്ങിയവയാണ് നാല് കേന്ദ്രങ്ങൾ. ഇതിൽ ലാഭത്തിലോടുന്ന സർവീസുകൾ, മിതമായ രീതിയിൽ പോകുന്ന സർവീസുകൾ, നഷ്ടത്തിലോടുന്ന സർവീസുകൾ എന്നിവയെ തരം തിരിച്ചറിയാനാണ് കെ.എസ്.ആർ.ടി.സിയെ നാല് കേന്ദ്രങ്ങളായി മാറ്റുന്നത്.ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കിഴക്കൻ മലയോര മേഖലയിലെ സർവീസുകൾ ഗണ്യമായി കുറഞ്ഞത് നാളെ മുതൽ പരിഹരിക്കും.പുനലൂരിൽ നിന്നുളള യാത്രാ ക്ലോശം പരിഹരിക്കാൻ പുനലൂർ, റാന്നി, പൊൻകുന്നം, കുറ്റിപ്പുറം, വടകര ,കുടിയാമല വഴി കണ്ണൂരിൽ എത്തുന്ന ബസ് സർവീസിന്റെ ഫ്ലാഗ് ഒഫും മന്ത്രി നിർവഹിച്ചു. മന്ത്രി കെ.രാജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ പ്രീയ പിളള, സി.പി.എം ഏരിയ സെക്രട്ടറി എസ്.ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ എം.ടി.സുകുമാരൻ, പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യൂട്ടീവ് എൻജിയർ ആർ.എസ്. മിനി,ജോബോയ് പേരേര, കെ.ധർമ്മരാജൻ, സന്തോഷ്.കെ.തോമസ് തുടങ്ങിയവർ സംസാരിച്ചു.