valam

 പരിശോധന ശക്തമാക്കി കൃഷിവകുപ്പ്

കൊല്ലം: അനധികൃത വളം വില്പനയും ജൈവവള തട്ടിപ്പും നിയന്ത്രിക്കാൻ ജില്ലയിൽ കൃഷിവകുപ്പ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം 'വഴിവിട്ട് വളം വില്പന' എന്നപേരിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചത്.

കോർപ്പറേഷൻ മേഖലയിലെ സോണൽ പരിധികളിലും പഞ്ചായത്ത് തലത്തിലുമുള്ള കൃഷി ഓഫീസർമാരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. പലയിടങ്ങളിലും ലൈസൻസ് ഇല്ലാതെ വളം വില്പന ശ്രദ്ധയിൽപ്പെടുകയും വില്പന നിറുത്തിവയ്ക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. ആദ്യഘട്ടത്തിൽ താക്കീത് നൽകുകയാണെന്നും ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ അടുക്കള കൃഷിത്തോട്ടം പദ്ധതിയെ തുടർന്നുണ്ടായ വളം വിപണിയുടെ സാദ്ധ്യത മുതലെടുത്താണ് അനധികൃത വ്യാപാരം സജീവമായത്. പച്ചക്കറി വിത്തുകൾ, ചെടികൾ എന്നിവ വിൽക്കുന്ന നഴ്‌സറികൾ കൂണുപോലെയാണ് സമീപകാലത്ത് മുളച്ചുപൊങ്ങിയത്. എന്നാൽ കൃഷിവകുപ്പ് നൽകുന്ന നിർദ്ദേശങ്ങളോ മാനദണ്ഡങ്ങളോ പാലിക്കാതെ മിക്കവയും അനധികൃത വളം വില്പനയിലേക്ക് തിരിയുകയായിരുന്നു.

 ജില്ലയിൽ വ്യാജന്മാർ വ്യാപകം

കൃഷിവകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവ നൽകുന്ന ലൈസൻസ് നേടിയശേഷം നഴ്‌സറികളിൽ വളം വിൽപ്പന നടത്താൻ തടസമില്ലെന്നും അല്ലാതെയുള്ളവയ്ക്കെതിരെ നടപടി ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. ജില്ലയിലെ എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള സ്ഥാപനങ്ങളുണ്ട്. പഞ്ചായത്ത്, കോർപ്പറേഷൻ മേഖലകളിൽ വകുപ്പ് അധികൃതർ നടത്തിയ പരിശോധനകളുടെ അന്തിമറിപ്പോർട്ട് ഇന്ന് ലഭിക്കും.