kallupalam
കല്ലുപാലം നിർമ്മാണത്തിനായി വഴിയടച്ച് ബോർഡ് സ്ഥാപിച്ചിരിക്കുന്നു

കൊല്ലം: നാല് ദിവസം രാപ്പകലില്ലാതെ മുന്നേറിയ കല്ലുപാലത്തിന് പകരമുള്ള പുതിയ പാലത്തിന്റെ നിർമ്മാണം വീണ്ടും നിലച്ചു. നിർമ്മാണ സാമഗ്രികൾ വാങ്ങാൻ പണമില്ലെന്ന് പറഞ്ഞ് കരാറുകാരൻ പണി നിറുത്തിവച്ചിരിക്കുകയാണ്.

രണ്ട് മാസം മുൻപ് എം. മുകേഷ് എം.എൽ.എയുടെയും മേയറുടെയും നേതൃത്വത്തിൽ കൂടിയ യോഗത്തിൽ കല്ലുപാലം നിർമ്മാണം 50 ദിവസത്തിനകം പൂർത്തിയാക്കാൻ ധാരണയിലെത്തിയിരുന്നു. ഇടവേളയില്ലാതെ രാത്രിയും പകലും നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാനായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ ഇതുപ്രകാരം നാല് ദിവസം മാത്രമാണ് പണിനടന്നത്.

ഒന്നേകാൽ വർഷത്തിനിടെ 35 ശതമാനം നിർമ്മാണം മാത്രമാണ് പൂർത്തിയായത്. ഇപ്പോഴത്തെ അവസ്ഥയിൽ മുന്നോട്ട് പോയാൽ ഒരു വർഷത്തിനുള്ളിൽ പോലും പാലം പൂർത്തിയാകുന്ന ലക്ഷണമില്ല. നിർമ്മാണം ഇഴയുന്നതിനാൽ യാത്രക്കാരും പ്രദേശത്തെ വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണ്.

 ആരംഭിച്ചത് 2019ൽ

2019 സെപ്തംബറിലാണ് കല്ലുപാലം നിർമ്മാണം ആരംഭിച്ചത്. ആകെ 16 പൈലുകളാണുള്ളത്. ഇതിൽ ചാമക്കട ഭാഗത്തുള്ള എട്ട് പൈലുകളുടെ ബോറിംഗ് കഴിഞ്ഞു. ഏഴെണ്ണം കോൺക്രീറ്റ് ചെയ്തു. മറുവശത്ത് ഒരു പൈലിന്റെ ബോറിംഗ് മാത്രമാണ് പൂർത്തിയായത്. ഇനി പൈൽ കാപ്പ്, പിയർ, ഡെക്ക് സ്ലാബ് എന്നിവയുടെ നിർമ്മാണം നടക്കാനുണ്ട്.

 5 കോടി രൂപ

കൊല്ലം തോട് വഴിയുള്ള യാനങ്ങളുടെ ഗതാഗതം സുഗമമാക്കാൻ വേണ്ടിയാണ് പഴയ പാലം പൊളിച്ചുനീക്കി പുതിയത് നിർമ്മിക്കുന്നത്. 25 മീറ്റർ നീളത്തിൽ അഞ്ച് കോടി രൂപ ചെലവിലാണ് പുതിയ പാലം ഉയരുന്നത്.