boat

 തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ മുങ്ങിത്താഴ്ന്നു. ശക്തികുളങ്ങരയിൽ നിന്ന് അഞ്ഞൂറ് നോട്ടിക്കൽ മൈൽ തെക്ക് വച്ച് അടിഭാഗം തകർന്ന് വെള്ളം കയറിയാണ് ബോട്ട് മുങ്ങിയത്.

കാലപ്പഴക്കത്തെ തുടർന്നാണ് അടിവശം തകർന്നതെന്നാണ് നിഗമനം. ശക്തികുളങ്ങര സ്വദേശി ആന്റണി അലോഷ്യസിന്റെ ഉടമസ്ഥതയിലുള്ള റൊസാരിക്യൂൻ എന്ന ബോട്ടാണ് മുങ്ങിയത്. കുളച്ചൽ, ബംഗാൾ സ്വദേശികളായ പതിനഞ്ചോളം തൊഴിലാളികളുമായി ഒരാഴ്ച മുൻപാണ് ബോട്ട് പുറപ്പെട്ടത്. രാത്രിയിൽ നങ്കൂരമിട്ട് കിടക്കുന്നതിനിടയിലാണ് ബോട്ടിൽ വെള്ളം കയറുന്നത് ശ്രദ്ധയിൽ പെട്ടത്.

തുടർന്ന് കുളച്ചൽ ഭാഗത്തേക്ക് അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒപ്പമുണ്ടായിരുന്ന മറ്റ് ബോട്ടുകളെ വിളിച്ചടുപ്പിച്ച ശേഷം അതിൽ കയറിയാണ് തൊഴിലാളികൾ രക്ഷപെട്ടത്. ഈ സമയത്ത് കടലിൽ ഉയർന്ന തിരമാലയും കാറ്റും ഉണ്ടായിരുന്നുവെന്നും രക്ഷപെട്ട തൊഴിലാളികൾ പറഞ്ഞു.