പരവൂർ: തൊഴിലാളികളുടെ തൊഴിലും വരുമാനവും ജീവിതവും തകർക്കുന്ന പരിഷ്കരണങ്ങളെ ശക്തമായി എതിർക്കുകയെന്നതാണ് യൂണിയന്റെ നിലപാടെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കയർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കയർ വ്യവസായത്തിലെ ആധുനികവത്കരണം' എന്ന വിഷയത്തിൽ കോട്ടപ്പുറം എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ദശദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യന്ത്രവത്കരണം വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന തരത്തിലാകണം. കയർ മേഖലയെ ആധുനികവത്കരിച്ച് മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.പി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ബാലസാഹിത്യ അവാർഡ് ജേതാവ് ആർ. പ്രസന്നകുമാർ മുതിർന്ന കയർ തൊഴിലാളികളെയും പ്രവർത്തകരെയും ആദരിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, സഫർഖയാൽ, തുളസീധരക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. കെ. പ്രസാദ് വിഷയാവതരണം നടത്തി. ഡി. സുരേഷ്‌കുമാർ സ്വാഗതവും അശോക് കുമാർ നന്ദിയും പറഞ്ഞു.